പക്വതയില്ലാത്ത യൂട്യൂബേഴ്‌സാണ് മെയ്യഴകന്‍ പരാജയപ്പെടുത്തിയത്, അവരോട് മാത്രമേ ദേഷ്യമുള്ളൂ: കാര്‍ത്തി
Indian Cinema
പക്വതയില്ലാത്ത യൂട്യൂബേഴ്‌സാണ് മെയ്യഴകന്‍ പരാജയപ്പെടുത്തിയത്, അവരോട് മാത്രമേ ദേഷ്യമുള്ളൂ: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th December 2025, 4:44 pm

സൂര്യയുടെ അനിയന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് കാര്‍ത്തി. ആദ്യ ചിത്രം മുതല്‍ തന്നിലെ നടനെ പരമാവധി ഉപയോഗിക്കുന്ന നടനായി കാര്‍ത്തി മാറി. ഒരേ സമയം തന്നിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിക്കുന്ന സിനിമകളാണ് കാര്‍ത്തി തെരഞ്ഞെടുക്കാറുള്ളത്.

കാര്‍ത്തി. Photo: screen grab/ va vathiyar event/ studio green/ youtube.com

താരത്തിന്റെ കഴിഞ്ഞ ചിത്രം മെയ്യഴഗന്‍ സിനിമാപ്രേമികളുടെ ഫേവറെറ്റായിരുന്നു. ഫീല്‍ഗുഡിന്റെ അങ്ങേയറ്റം സമ്മാനിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിച്ചിരുന്നില്ല. എന്നാല്‍ ഒ.ടി.ടിയില്‍ ഗംഭീര സ്വീകരണമായിരുന്നു മെയ്യഴഗന് ലഭിച്ചത്. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി.

‘തമിഴിന് പുറത്ത് മെയ്യഴഗന് നല്ല പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ക്ക് ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ, തമിഴ് സംസ്‌കാരത്തെക്കുറിച്ച് ചെയ്ത സിനിമക്ക് തമിഴ്‌നാട്ടില്‍ തിളങ്ങാനായില്ല. അത് ഞങ്ങള്‍ക്ക് അക്‌സപ്റ്റ് ചെയ്യാനാകുന്നില്ല.

മെയ്യഴഗന്റെ ഡയറക്ടര്‍ പ്രേം കുമാറിന് തമിഴ് നാട്ടിലെ പ്രേക്ഷകരോട് യാതൊരു ദേഷ്യവുമില്ല. പക്ഷേ, ഈ സിനിമയെ ആവശ്യമില്ലാതെ വലിച്ചുകീറിയ ചില യൂട്യൂബേഴ്‌സുണ്ട്. അവരോട് മാത്രമേ പ്രേമിന് ദേഷ്യമുള്ളൂ. സിനിമയുടെ ആത്മാവിനെ മനസിലാകാതെയാണ് അവരെല്ലാം സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്,’ കാര്‍ത്തി പറയുന്നു.

താന്‍ ഒരുപാട് എന്‍ജോയ് ചെയ്താണ് മെയ്യഴഗന്‍ പൂര്‍ത്തിയാക്കിയതെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയും കഥാപാത്രവും വല്ലപ്പോഴും മാത്രമേ വരാറുള്ളൂവെന്നും അത്തരത്തിലൊന്നാണ് മെയ്യഴഗനെന്നും കാര്‍ത്തി പറഞ്ഞു. വാ വാധ്യാറിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു താരം.

96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴഗന്‍. രണ്ടുപേര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറഞ്ഞ ചിത്രത്തില്‍ കാര്‍ത്തിയോടൊപ്പം അരവിന്ദ് സ്വാമിയും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Karthi about the failure of Meiyazhagan