എഡിറ്റര്‍
എഡിറ്റര്‍
പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; സിനിമ ഇറക്കിയാല്‍ തിയ്യേറ്റര്‍ കത്തിക്കും: ഭീഷണിയുമായി കര്‍ണിസേന
എഡിറ്റര്‍
Monday 20th November 2017 8:39am

തൃശൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ തിയ്യേറ്റര്‍ കത്തിക്കുമെന്നാണ് സുഗ്‌ദേവ് സിങ്ങിന്റെ ഭീഷണി. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവേയാണ് സുഗ്‌ദേവ് സിങ് ഭീഷണിയുമായി രംഗത്തുവന്നത്.

‘ഇന്ത്യയിലൊരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയ്യേറ്റര്‍ തന്നെ കാണില്ല. ഞങ്ങള്‍ തിയ്യേറ്റര്‍ കത്തിക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

പത്മാവതിയായി തിയ്യേറ്ററില്‍ എത്തുന്ന ദീപിക പദുക്കോണ്‍ മോശം വസ്ത്രം ധരിച്ച് രജപുത് റാണിയെ അപമാനിക്കുകയാണെന്നും സുഗ്‌ദേവ് സിങ് ആരോപിച്ചു. സിനിമയിലെ ഡാന്‍സില്‍ അല്പവസ്ത്രം ധരിച്ച് ദീപിക പത്മാവതിയെ അപമാനിക്കുകയാണ്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടംവരുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read:നാടുകാണിചുരത്തിലെ മഖാം ജാറം പൊളിച്ച സംഭവം; മുഖ്യ പ്രതിയായ വിസ്ഡം പ്രവര്‍ത്തകന്‍ അറസ്റ്റില്‍


രജപുത് റാണി പത്മാവതിക്ക് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്നത് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ചിത്രം ഏതുവിധേനയും തടയുമെന്നാണ് കര്‍ണിസേന പറയുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാല്‍ അടുത്തുതന്നെ ചിത്രത്തിന്റെ പുതിയ റിലീസിങ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അതിനിടെ, ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെയും നായിക ദീപികയേയും കൊലപ്പെടുത്തുന്നവര്‍ക്ക് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് രംഗത്തുവന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രസ്താവന നടത്തിയത്.

Advertisement