ബി.ജെ.പിക്ക് തലവേദനയായി കര്‍ണാടകയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; യെദിയൂരപ്പയ്ക്ക് പിന്തുണയര്‍പ്പിച്ച് വ്യാപാരികള്‍ കടകളടച്ചു
National Politics
ബി.ജെ.പിക്ക് തലവേദനയായി കര്‍ണാടകയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; യെദിയൂരപ്പയ്ക്ക് പിന്തുണയര്‍പ്പിച്ച് വ്യാപാരികള്‍ കടകളടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th July 2021, 7:54 pm

ബെംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം.

യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബി.ജെ.പി.പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ ജയിച്ചിട്ടുള്ളത്. യെദിയൂരപ്പയുടെ തീരുമാനത്തിന് കാരണക്കാരായ ബി.ജെ.പി. നേതാക്കളെ പ്രവര്‍ത്തകര്‍ രൂക്ഷമായി വിമര്‍ശിച്ചു.

യെദിയൂരപ്പയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ബിസനസ്സുകാരും കടയുടമകളും തങ്ങളുടെ സ്ഥാപനങ്ങളും കടകളും അടച്ചു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെച്ചത്.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞു.

കുറച്ചു കാലം മുമ്പ് തന്നെ താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നും രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്ന് താന്‍ കരുതിയെന്നും യെദിയൂരപ്പ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Karnataka Updates