ബെംഗളൂരു: കര്‍ണാടകയിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിത നിലവാരം മോശമെന്ന് സര്‍വെ റിപ്പോര്‍ട്ട്. മുസ്‌ലിം സമുദായത്തില്‍ തൊഴിലില്ലായ്മ കൂടുതല്‍ ആണെന്നും സ്വന്തമായി ഭൂമി കൈവശം ഉള്ളവരുടെ എണ്ണം കുറവാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.
കര്‍ണാടകയില്‍ ജീവിതനിലവാരത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ജൈനരും ബ്രാഹ്‌മണരും ക്രിസ്ത്യാനികളുമാണ്. സര്‍വെ ഫലം പ്രകാരം യാദവ വിഭാഗത്തിന് തൊട്ട് മുമ്പിലാണ് മുസ്‌ലിങ്ങള്‍. പിന്നോക്കാവസ്ഥയിലല്‍ 200ല്‍ 89.25 ആണ് മുസ്‌ലിങ്ങളുടെ സ്‌കോര്‍. യാദവ സമുദായത്തിന് 93.2 ആണ് സ്‌കോര്‍. ഉയര്‍ന്ന സ്‌കോറുള്ളവരാണ് ഏറ്റവും പിന്നോക്കം ഉള്ളവര്‍.
2015ലെ സെന്‍സസ് പ്രകാരം കര്‍ണാടകയില്‍ 76.99 ലക്ഷം മുസ് ലിങ്ങളാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണിവര്‍.
സര്‍വെയിലെ ഓരോരോ കാറ്റഗറി പരിശോധിക്കുമ്പോള്‍ സാമുഹിക പിന്നാക്കവസ്ഥയില്‍ മുസ്‌ലിങ്ങളുടെ സ്‌കോര്‍ 100 ല്‍ 19.71 ആണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാകട്ടെ മുസ്‌ലിങ്ങള്‍ പിന്നിലാണ്, 68 ല്‍ 42.60 ആണ് സ്‌കോര്‍. 2015ലെ കണക്കനുസരിച്ച് കര്‍ണാടകയിലെ മുസ്‌ലിങ്ങളില്‍ പത്താം ക്ലാസ് പാസായവര്‍ 11.7% മാത്രമാണ്. കോളേജ് വിദ്യാഭ്യാസം നേടിയതാകട്ടെ 5.5%വും.
മുസ്‌ലിങ്ങളുടെ ഉപജീവനമാര്‍ഗത്തില്‍ സ്‌കോര്‍ 32 ല്‍ 26.94 ആണ്. 1.03% പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലിയുള്ളൂ. 1.39% പേര്‍ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ കുടുംബം ബിസിനസുകളിലോ മറ്റ് തൊഴിലുകളോ ആണ് ചെയ്യുന്നത്.
പുതിയ സര്‍വെ പ്രകാരം കര്‍ണാടകയിലെ മുസ്‌ലിങ്ങളുടെ സംവരണം 4% ല്‍ നിന്ന് 8% ആയി ഉയര്‍ത്താന്‍ ജാതി സെന്‍സസ് നിര്‍ദേശിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ നിലവാരം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണെന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണിക്കുന്നതെന്ന് മുന്‍ മന്ത്രി തന്‍വീര്‍ സേട്ട് പറഞ്ഞു.
എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും ഒ.ബി.സികള്‍ക്കും നല്‍കുന്ന പദ്ധതികള്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, തൊഴില്‍ എന്നിവയില്‍ മാത്രമാണ് തങ്ങള്‍ക്ക് പിന്തുണ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Karnataka Muslims worse on livelihood; survey Report