ബെംഗളൂരു: പത്തുവര്‍ഷത്തിനിടെ ഭീഷണിക്ക് വഴങ്ങി നൂറിലധികം മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി കര്‍ണാടകയിലെ മുന്‍ ശുചീകരണ തൊഴിലാളി.
1998 മുതല്‍ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളെ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി പറയുന്നു. രണ്ട് അഭിഭാഷകരുടെ സഹായത്തോടെ പുറത്തുവിട്ട കത്തിലൂടെയാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കുറ്റബോധവും ഭയവും കാരണം ഉറങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് പത്ത് വര്‍ഷത്തിനിപ്പുറം വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഇയാള്‍ പറയുന്നു. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്തുവിട്ടത്. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍, കൊല ചെയ്യപ്പെട്ടേക്കാമെന്ന ഭയത്തോടെയാണ് താനും കുടുംബവും ഓരോ ദിവസവും ജീവിക്കുന്നതെന്നും പറയുന്നു.
കത്തില്‍ പറയുന്നത് പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കമാണ് ഇയാള്‍ കുഴിച്ചുമൂടിയത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാഗ് ഉള്‍പ്പെടെ മറവുചെയ്തിട്ടുണ്ട്. അടിവസ്ത്രവും പാവാടയും ഇല്ലാത്ത നിലയിലാണ് ഈ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിനുപുറമെ താന്‍ കുഴിച്ചിട്ടവരില്‍ ആസിഡ് ആക്രമണത്തില്‍ മുഖം പൊള്ളിയ സ്ത്രീയും ഉണ്ടായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ ധര്‍മസ്ഥല സൂപ്പര്‍വൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് ഇതെല്ലാം ചെയ്തതെന്നും ഇയാള്‍ പറയുന്നുണ്ട്. ശരീരത്തില്‍ മുറിവുകളും ശ്വാസംമുട്ടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്ന സ്ത്രീകളെയാണ് കൂടുതലായും മറവ് ചെയ്തിരുന്നത്. നേത്രാവതി നദിയുടെ സമീപങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ആദ്യം കരുതിയിരുന്നത്, മുങ്ങിമരിച്ച സ്ത്രീകളെയാണ് താന്‍ മറവ് ചെയ്തിരുന്നതെന്നാണ്. പിന്നീട് സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ പാടുകള്‍ കണ്ടതോടെയാണ് വിവരങ്ങള്‍ മനസിലാക്കുന്നത്.
ഇതിനെല്ലാം പുറമെ ധര്‍മസ്ഥലയില്‍ ഭിക്ഷാടനത്തിനായി എത്തിയ നിരവധി പുരുഷന്മാരുടെ കൊലപാതകത്തിനും സാക്ഷിയായിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. നിലവില്‍ കത്ത് പുറത്തുവിട്ടതിന് പുറമെ ഇയാള്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്.
ജൂലൈ മൂന്നിന് ലഭിച്ച പരാതിയില്‍ ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ദക്ഷിണ കന്നഡ എസ്.പി കെ. അരുണ്‍ പറഞ്ഞു. ഐഡന്റിറ്റി വെളിപ്പെടുത്തരുതെന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.പി പ്രതികരിച്ചു. കോടതിയുടെ അനുമതി തേടിയ ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മറവ് ചെയ്ത മൃതദേഹങ്ങളുടെ ഫോട്ടോ സഹിതമാണ് മുന്‍ ശുചീകരണ തൊഴിലാളി പരാതിപ്പെട്ടത്.
1998ല്‍ ഒരു മൃതദേഹം മറവ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ പരാതിയില്‍ പറയുന്നുണ്ട്. ഇക്കാലയളവില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.
2014ല്‍ തന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍ക്ക് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതിന് ശേഷം താമസസ്ഥലം മാറിയെന്നും കഴിഞ്ഞ 11 വര്‍ഷമായി മറ്റൊരിടത്താണ് പേടിച്ച് കഴിയുന്നതെന്നും പരാതിയില്‍ വെളിപ്പെടുത്തുന്നു.
Content Highlight: Karnataka man claims to have buried bodies of hundreds of abuse-murder victims