ബി.ജെ.പിയുടെ മൗത്ത്പീസാണ് അജയ് ദേവ്ഗണെന്ന് എച്ച്.ഡി. കുമാരസ്വാമി; ഹിന്ദി ഒരിക്കലും രാഷ്ട്ര ഭാഷയാകില്ലെന്ന് സിദ്ധരാമയ്യ; കര്‍ണാടക നേതാക്കളുടെ മറുപടി
national news
ബി.ജെ.പിയുടെ മൗത്ത്പീസാണ് അജയ് ദേവ്ഗണെന്ന് എച്ച്.ഡി. കുമാരസ്വാമി; ഹിന്ദി ഒരിക്കലും രാഷ്ട്ര ഭാഷയാകില്ലെന്ന് സിദ്ധരാമയ്യ; കര്‍ണാടക നേതാക്കളുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 1:38 pm

ന്യൂദല്‍ഹി: ഹിന്ദി ദേശീയ ഭാഷയാണോ എന്ന കാര്യത്തില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണും നടന്‍ കിച്ച സുദീപും തമ്മിലുള്ള ട്വീറ്റുകളും മറുപടി ട്വീറ്റുകളും ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി കര്‍ണാടകയില്‍ നിന്നുള്ള നേതാക്കള്‍.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്.ഡി. കുമാരസ്വാമിയുമാണ് അജയ് ദേവ്ഗണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല, എന്നായിരുന്നു അജയ് ദേവ്ഗണിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് കര്‍ണാടക പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞത്.

”ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല, ഇനി ആകുകയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്.

ഓരോ ഭാഷക്കും അതിന്റേതായ ചരിത്രമുണ്ട്. ഒരു കന്നഡക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു,” സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു.

അതേസമയം അജയ് ദേവ്ഗണിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമി ഹിന്ദി വാദത്തിന് മറുപടി നല്‍കിയത്.

ബി.ജെ.പിയുടെ മൗത്ത്പീസാണ് അജയ് ദേവ്ഗണ്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

”ഒരു രാജ്യം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍, എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതാ വാദത്തിന്റെ മൗത്ത്പീസായാണ് അജയ് ദേവ്ഗണ്‍ പിറുപിറുത്തത്,” എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.

നേരത്തെ, കെ.ജി.എഫ് സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് ഒരു പരിപാടിയില്‍ വെച്ച് കന്നഡ നടന്‍ കിച്ച സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ട്വീറ്റിലൂടെ ചോദിച്ചത്.

‘താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എല്ലായ്പ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും,’ എന്നാണ് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തത്.

‘നിങ്ങള്‍ ഹിന്ദിയില്‍ അയച്ച ടെക്സ്റ്റ് എനിക്ക് മനസ്സിലായി. ഞങ്ങളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും പഠിക്കുകയും ചെയ്തത്കൊണ്ടാണത്.

അതില്‍ വിരോധമില്ല. പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്, ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍,’ എന്നായിരുന്നു കിച്ച സുദീപ് ഇതിന് മറുപടി നല്‍കിയത്.

അതേസമയം അജയ് ദേവ്ഗണിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്ത് വന്നത്.

Content Highlight: Karnataka leaders Siddaramaiah and HD Kumaraswamy on Hindi row, Ajay Devgn blabbered as BJP Mouthpiece