ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന വിദ്വേഷ പ്രചാരണ പ്രതിരോധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കര്‍ണാടക.
ഡിസംബര്‍ നാലിന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ബില്ലില്‍ വിദ്വേഷ പ്രചാരകര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ നീളുന്ന തടവും അര ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നു. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് കുറഞ്ഞത് രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നീളുന്ന തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കും.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്നും ഈ ബില്ലില്‍ വിശദീകരിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നത് മാത്രമല്ല, അക്കാര്യം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമായിരിക്കും.
മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ, സമൂഹത്തിനോ എതിരെ സംഘര്‍ഷം അല്ലെങ്കില്‍ ശത്രുത, വിദ്വേഷം എന്നിവയുണ്ടാക്കുന്ന തരത്തിലുള്ള ആശയവിനിമയമാണ് വിദ്വേഷ പ്രസംഗമെന്ന് ബില്‍ നിര്‍വചിക്കുന്നു.
നിയമസഭയുടെ മുന്നില്‍ അവതരിപ്പിച്ച ബില്ല് പ്രകാരം ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, ഒരു കൂട്ടത്തിനോ, സമൂഹത്തിനോ, വര്‍ഗത്തിനോ എതിരെ മനപൂര്‍വ്വം മുറിവേല്‍പ്പിക്കുന്ന തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം.
ശത്രുത, വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന തരത്തിലുള്ള വാക്കാലോ എഴുത്തിലൂടെയോ അടയാങ്ങളിലൂടെയോ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയോ നടത്തുന്ന എല്ലാതരം പദപ്രയോഗങ്ങളും വിദ്വേഷ പ്രസംഗമായി കണക്കാക്കുന്നതാണ് ബില്‍.
കൂടാതെ, മതം, വംശം, ജാതി, സമൂഹം, ലിംഗം, സ്ഥലം, ഭാഷ, ശാരീരിക വെല്ലുവിളികള്‍, ലൈംഗികാഭിമുഖ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതപരമായ പ്രവൃത്തികളും വിദ്വേഷ കുറ്റകൃത്യമായാണ് കണക്കാക്കുക.
ഇത്തരം കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് നടപടി സ്വീകരിക്കുക. എന്നാല്‍ അക്കാദമിക പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങളും പഠനങ്ങളും ചിത്രങ്ങളും പൊതുതാത്പര്യത്തിനായി പ്രസിദ്ധീകരിച്ചതാണെന്ന് തെളിയിക്കാനായാല്‍ നടപടി നേരിടേണ്ടി വരില്ല.
കര്‍ണാടകയില്‍ വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തടയിടാനായാണ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതി വിശദമായ പഠനത്തിന് ശേഷം ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Content Highlight: Karnataka introduces bill for 10 years in prison and one lakh fine for hate speech and hate crime