'ആത്മീയതയുടെ പേരില്‍ എന്തും കാണിച്ചുകൂട്ടമെന്നാണോ?'സദ്ഗുരുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്

ആത്മീയഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് കര്‍ണാടക ഹൈക്കോടതി. ഇഷ ഫൗണ്ടേഷന്‍ നടത്തുന്ന കാവേരി കോളിംഗ് എന്ന പരിപാടിക്കു വേണ്ടി വ്യാപകമായ പണപ്പിരിവ് നടത്തുന്നതിനെതിരെയാണ് കര്‍ണാടക ഹൈക്കോടതി എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.

ഒരു ആത്മീയ സ്ഥാപനവും രാജ്യത്തിന്റെ നിയമസംഹിതകള്‍ക്ക് മുകളിലല്ല എന്ന പറഞ്ഞ കോടതി കോടിക്കണക്കിന് രൂപ ഇഷ ഫൗണ്ടേഷന്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും ചോദ്യമുന്നയിച്ചു.

എന്താണ് കോടതിയെക്കൊണ്ട് ഇത്രമേല്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കാനിടയാക്കിയ കാവേരി കോളിംഗ് എന്ന ക്യാംപെയ്ന്‍ ? ഇതിനെതിരെ പരാതി ഉയരാനിടയായ സാഹചര്യമെന്താണ്?

ജഗ്ഗി വാസുദേവന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷന്‍ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന കാവേരി നദിയെ മരങ്ങള്‍ വെച്ചു പിടിപ്പിച്ചുകൊണ്ട് പുനരുജീവിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കാവേരി കോളിംഗ് എന്ന ക്യാംപെയ്‌നുമായി രംഗത്ത് വരുന്നത്. 242 സമി മരങ്ങളാണ് വെച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണ് ഇഷ ഫൗണ്ടേഷന്റെ വെബ് സൈറ്റില്‍ പറയുന്നത്. ഒരു മരത്തിന് 42 രൂപയാണ് ഇവര്‍ ചിലവ് വരുമെന്ന് പറയുന്നത്. അതിനായി ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുകയാണ് കാവേരി കോളിംഗ് എന്ന ക്യാംപെയ്‌നിലൂടെ.

അങ്ങിനെയെങ്കില്‍ ഒരു മരത്തിന് 42 രൂപ എന്ന കണക്കില്‍ 242 കോടി മരങ്ങള്‍ക്ക് 10,164 കോടി രൂപയാണ് ഇഷ ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നത്. ഇത്രയും ഭീമമായ തുക പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന, അതിനുള്ള പണപ്പിരിവുകള്‍ ആരംഭിച്ച ഇഷ ഫൗണ്ടേഷന്‍ നിയമപ്രകാരമുള്ള യാതൊരു വിധ രജിസ്‌ട്രേഷനും നടത്തിയിട്ടില്ല. ട്രസ്റ്റായോ കമ്പനിയായോ സൊസൈറ്റിയായോ രജിസ്റ്റര്‍ ചെയ്യാത്ത് ഒരു സ്ഥാപനമാണ് ഇഷ ഫൗണ്ടേഷന്‍.

ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് എ.വി അമര്‍നാഥന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കോടതിക്കറ പരാതി നല്‍കിയത്. സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് കാവേരി നദീ തീരത്ത് താമസിക്കുന്ന കര്‍ഷകരില്‍ നിന്നും ഇത്രയും തുക പിരിച്ചെടുക്കുന്നത് ഏറെ അലോസരപ്പെടുത്തുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതി പരിശോധിച്ച കോടതി ഇഷ ഫൗണ്ടേഷന് ഇത് വരെ എത്ര രൂപ പിരിച്ചെടുത്തുവെന്നും ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ് ആ പണം എത്തിയതെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പുഴയെ പുനരുജീവിപ്പിക്കുന്നതെല്ലാം നല്ല കാര്യമാണ്. പക്ഷെ എന്ത് അധികാരത്തിന്റെ പുറത്താണ് നിങ്ങള്‍ ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നത് നിര്‍ബന്ധിച്ചില്ല നിങ്ങള്‍ പണം പിരിച്ചതെന്ന കാണിക്കുന്ന സത്യവാങ്മൂലം എവിടെയാണ് എന്നിങ്ങിനെ വളരെ കടുത്ത ഭാഷയിലായിരുന്ന കോടതി വിഷയത്തോട് പ്രതികരിച്ചത്.

ഇഷ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി അല്ലെന്നും സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ പണം പിരക്കുന്നതിനുള്ള യാതൊരു ധികാരവും ഫൗണ്ടേഷന് നല്‍കിയിട്ടില്ലന്നും നിരീക്ഷിച്ചു.

ആത്മീയതയുടെ പേരില്‍ എന്തൊക്കെയാണ് നിങ്ങള്‍ കാണിച്ചുകൂട്ടുന്നതെന്ന് ചോദിച്ച കോടതി, ആത്മീയ സ്ഥാപനമാണെന്നങ്ങ് പ്രഖ്യാപിച്ചാല്‍ ഏതൊരു നിയമവ്യവസ്ഥക്കും മുകളിലാണ് തങ്ങളെന്ന ചിന്തിച്ചേക്കരുതെന്നും ജഗ്ഗി വാസുദേവിനോട് പറഞ്ഞു

ഇങ്ങിനെ ജനങ്ങളില്‍ നിന്നും പണം പിരിക്കാന്‍ കാവേരി കോളിംഗ് ട്രസ്റ്റാണോ എന്ന കര്‍ണാടക സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഒരു മൂവ്‌മെന്റ് മാത്രമാണ് കാവേരി കോളിംഗ് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പിന്നെ എന്തുകൊണ്ട് ഇടപെട്ടില്ല എന്ന ചോദിച്ച കോടതി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാവേരി കോളിംഗ് എന്ന ക്യാംപെയ്‌ന് നേരെ മുന്‍പും നിരവധി പരാതികളുയര്‍ന്നിരുന്നു. കൃത്യമായ പഠനങ്ങള്‍ നടത്താതെ മരങ്ങള്‍ വെച്ചുപ്പിടിക്കാന്‍ ഇറങ്ങി തിരക്കുന്നത് ആവാസ വ്യവസ്ഥയില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നതിനെ തുടര്‍ന്ന വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ ജഗ്ഗി വാസുദേവിന് കനത്ത തിരച്ചടിയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനം.