ഹലാല്‍ മാംസം വിറ്റു; മുസ്‌ലിം കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ ആക്രമണം
national news
ഹലാല്‍ മാംസം വിറ്റു; മുസ്‌ലിം കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2022, 11:53 am

ഷിമോഗ: ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് കര്‍ണാടക ഭദ്രാവതിയില്‍ ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ബജ്‌രംഗ്ദളിന്റെ ആക്രമണം.

വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. കടയിലേക്ക് കയറി ചെന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി കടക്കാരനോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷിമോഗ എസ്.പി ലക്ഷ്മി പ്രസാദ് എ.എന്‍.ഐയോട് പറഞ്ഞു.

‘ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം കച്ചവടക്കാരന് നേരെ അകാരണമായി ആക്രമണcഴിച്ചുവിടുകയായിരുന്നു. ഇവര്‍ക്കെതിരെ ഭദ്രാവതിയിലെ ഹോസ്മാനെ സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,’ എസ്.പി പറഞ്ഞു.

തൗസീഫ് എന്നയാളുടെ കോഴിക്കടയിലെത്തിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നോണ്‍-ഹലാല്‍ മാംസം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള മാംസം കടയിലില്ലെന്നും, താന്‍ അത് സംഘടിപ്പിക്കാമെന്നും പറഞ്ഞതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും അഞ്ച് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.

നേരത്തെ, ഭദ്രാവതിയിലെ ഒരു ഹോട്ടലില്‍ കയറി നോണ്‍ ഹലാല്‍ ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയതിന് ഇതേ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രി ഹലാല്‍ ഭക്ഷണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഹലാല്‍ ഭക്ഷണത്തിനെതിരെ ഉയര്‍ന്നുവരുന്ന ഗുരുതര ആരോപണങ്ങളെ കുറിച്ച് കൃത്യമായി നിരീക്ഷിക്കുമെന്നായിരുന്നു ബൊമ്മൈ പറഞ്ഞത്.

‘ഹലാല്‍ വിഷയം ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. വിഷയത്തെ കുറിച്ച് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. സാധാരണയായി തുടര്‍ന്നുവരുന്ന ഈ സമ്പ്രദായത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയരുന്നുണ്ട്. അത് എന്താണെന്ന് പരിശോധിക്കും,’ ബൊമ്മൈ പത്രസമ്മേളനത്തില്‍പറഞ്ഞു.

ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന തീവ്ര വലതുപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു വിഭാഗം ഇവിടെയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

Content Highlight: Karnataka Halal Meat Vendor Attacked By Bajrang Dal members