അമിത് മാളവ്യക്ക് ചെക്ക്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫാക്ട് ചെക്കിങ്ങ് യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍
national news
അമിത് മാളവ്യക്ക് ചെക്ക്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫാക്ട് ചെക്കിങ്ങ് യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2023, 7:24 pm

ബെംഗളൂരു: വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫാക്ട് ചെക്കിങ്ങ് യൂണിറ്റ്(എഫ്.സി.യു) ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഐ.ടി സെല്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

വ്യാജ വാര്‍ത്തകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് സമൂഹങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും പ്രിയങ്ക് ഖാര്‍ഗെ എ.എന്‍.ഐയോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താതെ വ്യാജ വാര്‍ത്തകള്‍ തടയുക എന്നതാണ് സമിതിയുടെ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

ഐ.ടി വകുപ്പ്, നിയമ വകുപ്പ്, സിവില്‍ സൊസൈറ്റികളിലെ അംഗങ്ങള്‍, ബെംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐ.ഐ.എസ്.സി) അംഗങ്ങള്‍ എന്നിവരായിരിക്കും യൂണിറ്റിന്റെ മേല്‍നോട്ട സമിതിയിലുണ്ടാകുക. ഈ സമിതിയില്‍ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉണ്ടാകില്ല.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഫാക്ട് ചെക്കിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാകും സമിതി പ്രവര്‍ത്തിക്കുക. ഐ.ടി ആക്ട് 2000, ഐ.ടി ആക്ട് ഭേദഗതികള്‍ 2008, ഇന്ത്യന്‍ പീനല്‍ കോഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 2005 എന്നിവ സമിതിയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാക്കും.

ദേശീയ തലത്തിലടക്കം പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളെ നേരിടാന്‍ സംഘത്തിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്. ബി.ജെ.പി ഐ.ടി സെല്‍ തലവനടക്കം സംഘപരിവാര്‍ കേന്ദ്രങ്ങളിള്‍ എക്‌സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന വ്യാജ, വിദ്വേഷ പ്രചരണങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന പരാതിയുണ്ട്. ഇതിനിടയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം.

Content Highlight: Karnataka Government has started Fact Checking Unit (FCU) to prevent fake news