ബെംഗളൂരു: ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ എയ്‌റോസ്‌പേസിനായി 1,777 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി കര്‍ണാടക സര്‍ക്കാര്‍. മൂന്ന് വര്‍ഷം നീണ്ട കര്‍ഷകസമരത്തെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞത്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 13 ഗ്രാമങ്ങളിലെ ഭൂമിയേറ്റെടുക്കല്‍ നടപടി പിന്‍വലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ഷകരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.
പ്രഖ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ചിന്നരായ പട്ടണയില്‍ 1,198 ദിവസം നീണ്ടുനിന്ന സമരമാണ് കര്‍ഷകര്‍ അവസാനിപ്പിച്ചത്. എയ്‌റോസ്‌പേസിനായി ഭൂമി നല്‍കാന്‍ തയ്യാറുള്ള കര്‍ഷകരില്‍ നിന്ന് മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
‘ഭൂമി നല്‍കുന്ന വ്യക്തികള്‍ക്ക് സ്ഥലത്തിന്റെ ഇപ്പോഴുള്ള മൂല്യത്തിന് മുകളിലുള്ള നഷ്ടപരിഹാരം ലഭിക്കും. എന്നിരുന്നാലും, ഏറ്റെടുക്കലിനായി തെരഞ്ഞെടുത്ത ഭൂമി വളരെ ഫലഭൂയിഷ്ഠവും പ്രാദേശിക കര്‍ഷക സമൂഹത്തിന്റെ ഉപജീവനമാര്‍ഗമാണ്.
വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം, അവരുടെ ആശങ്കകളും പ്രദേശത്തെ കാര്‍ഷിക സുസ്ഥിരതയുടെ പ്രാധാന്യവും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. പദ്ധതി മറ്റെവിടേക്കെങ്കിലും മാറ്റിയാലും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്,’ സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
In keeping with our commitment to protect farmers’ interests and safeguard fertile agricultural land, the Government of Karnataka has decided to completely withdraw the land acquisition process in Channarayapatna and other villages of Devanahalli taluk in Bengaluru Rural… pic.twitter.com/At6tNsEhdC
കര്‍ഷകരുടെ പ്രതിഷേധത്തിന് നിരവധി സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ നാലിനാണ് സിദ്ധരാമയ്യ കര്‍ഷക പ്രതിനിധികളുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയത്.
Content Highlight: Karnataka government backs off acquisition of 1,777 acres of land near airport following farmer protest