കേരളത്തിന് നിരാശ; കരുണിന്റെയും പടിക്കലിന്റെയും കരുത്തില്‍ ജയിച്ച് കര്‍ണാടക
Cricket
കേരളത്തിന് നിരാശ; കരുണിന്റെയും പടിക്കലിന്റെയും കരുത്തില്‍ ജയിച്ച് കര്‍ണാടക
ഫസീഹ പി.സി.
Friday, 26th December 2025, 5:39 pm

വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ടൂര്‍ണമെന്റിലെ മത്സരത്തില്‍ കര്‍ണാടകയോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. സെഞ്ച്വറി നേടിയ കരുണ്‍ നായരിന്റെയും ദേവദത്ത് പടിക്കലിന്റെയും കരുത്തിലാണ് കര്‍ണാടകയുടെ വിജയം.

മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടക പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടകയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായിരുന്നു.

ദേവ്ദത്ത് പടിക്കൽ. Photo: Tanuj/x.com

ക്യാപ്റ്റന്‍ തിരികെ നടക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അതോടെ പടിക്കലും കരുണും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 223 റണ്‍സാണ് ചേര്‍ത്തത്. പടിക്കല്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. 137 പന്തില്‍ മൂന്ന് സിക്സും 12 ഫോറും അടക്കം 124 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെ, ആര്‍. സ്മരണ്‍ ബാറ്റിങ്ങിനെത്തി. താരവും കരുണ്‍ ചേര്‍ന്ന് കര്‍ണാടകയെ വിജയിപ്പിച്ചു. ടീം വിജയിച്ചപ്പോള്‍ 130 പന്തില്‍ 130 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മറുവശത്ത് 16 പന്തില്‍ പുറത്താവാതെ 25 റണ്‍സ് എടുത്തു.

കേരളത്തിനായി നിധീഷ് എം.ഡിയും അഖില്‍ സ്‌കറിയയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റിന് 284 റണ്‍സെടുത്തിരുന്നു. തുടക്കത്തില്‍ ടീം ഒന്ന് പതറിയെങ്കിലും മുഹമ്മദ് അസ്ഹറുദീന്‍, ബാബ അപരാജിത് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

അസ്ഹറുദീന്‍ 58 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അപരാജിതാകട്ടെ 62 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറുമടക്കം 71 റണ്‍സുമെടുത്തു.

ഇവരെ കൂടാതെ, വിഷ്ണു വിനോദ് (37 പന്തില്‍ 35), നിധീഷ് എം.ഡി (47 പന്തില്‍ 34*), അഖില്‍ സ്‌കറിയ (60 പന്തില്‍ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തി.

കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റും ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഒപ്പം വിദ്യാധര്‍ പാട്ടീല്‍, വിദ്വത് കാവേരപ്പ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

 

Content Highlight: Karnataka defeated Kerala Cricket Team in Vijay Hazare Trophy

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി