ബെംഗളൂരു: കര്‍ണാടകയുടെ വരുമാനത്തിലെ ഇടിവ് നികത്താനായി കേന്ദ്രസര്‍ക്കാര്‍ പാന്‍ മസാല സെസിന്റെ വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാന്‍ മസാലയ്ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ സെസില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി സംസ്ഥാനത്തിന് നല്‍കണമെന്നാണ് കര്‍ണാടകത്തിന്റെ ആവശ്യം.
സംസ്ഥാനങ്ങളാണ് ജി.എസ്.ടി കാരണം സാമ്പത്തിക ബുദ്ധിമുട്ടി നേരിടുന്നത്. പുകയിലയ്ക്ക് എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് സെസും ചുമത്തുന്നതുകൊണ്ട് കേന്ദ്രത്തിന് വരുമാനം കൂടാനാണ് സാധ്യത.
പാന്‍ മസാലകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സെസ് സംസ്ഥാനങ്ങളുമായി പങ്കിടുന്ന കേന്ദ്രത്തിന്റെ പദ്ധതിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
പാന്‍ മസാലകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. എന്നാല്‍, സെസ് ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട വരുമാനത്തിന്റെ വിഹിതം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി പുനസംഘടന കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് 9000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുകയെന്ന് വ്യക്തമായി. ജി.എസ്.ടി ചട്ടക്കൂടില്‍ നഷ്ടപരിഹാര സെസ് ലയിപ്പിക്കാത്തതുകാരണം സംസ്ഥാനങ്ങള്‍ക്കാകെ 15 മുതല്‍ 20 ശതമാനം വരെ വരുമാന നഷ്ടം സംഭവിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു.
ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ നടന്ന ഒക്ടോബര്‍ മാസത്തില്‍ പോലും നെഗറ്റീവ് വളര്‍ച്ചയാണ് വരുമാനത്തിനുണ്ടായത്. എങ്ങനെയെങ്കില്‍ വരും മാസങ്ങള്‍ അതീവദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ നവംബറില്‍ ആകെയുണ്ടായ ജി.എസ്.ടി കളക്ഷനില്‍ 2 ശതമാനത്തിന്റെ കുറവാണുണ്ടായത്.
നിലവിലെ പ്രവണതകള്‍ അടിസ്ഥാനമാക്കി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 9000 കോടി രൂപയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാര സെസ് ലയിപ്പിക്കാത്തതിനാല്‍ 9500 കോടി രൂപയുടെ അധിക നഷ്ടം ഒഴിവാക്കിയുള്ള കണക്കാക്കിയാണിത്.