എഡിറ്റര്‍
എഡിറ്റര്‍
അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അനുമതി
എഡിറ്റര്‍
Thursday 28th September 2017 2:18pm

ബംഗളൂരു: അന്ധവിശ്വാസ വിരുദ്ധ ബില്ലിന് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അനുമതിയ്ക്കായി വയ്ക്കും.

ഹീനവും മനുഷ്യത്വരഹിതവും അന്ധവിശ്വസവുമായ പ്രവര്‍ത്തികള്‍ നിരോധിക്കുന്ന ബില്‍ എന്നാണ് സഭ നേരത്തെ ഈ ബില്ലിന് പേരിട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും അന്ധവിശ്വാസം എന്ന പേര് മാറ്റി കര്‍ണാടക പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2017 എന്നാണ് പുതിയ ബില്ലിന് പേരിട്ടിരിക്കുന്നത്.

ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും നവംബറില്‍ നടക്കുന്ന അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് അനുമതിയ്ക്കായി വയ്ക്കുമെന്നും കര്‍ണാടക നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ടിബി ജയചന്ദ്ര അറിയിച്ചു. പുരോഗമനവാദികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

2016 ജൂലൈയില്‍ റവന്യു മന്ത്രി കഗോഡു തിമ്മപ്പയുടെ നേതൃത്വത്തില്‍ ബില്‍ സബ്കമ്മിറ്റിയുടെ പഠനത്തിനായി വിട്ടിരുന്നു. ബില്‍ വിശദമായ പഠനത്തിന് ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് വയ്ക്കാവൂവെന്നാണ് ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടത്.

ബില്‍ പാസ്സാക്കുന്നതിനിടെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ പ്രവൃത്തിക്കുന്നതായും അതുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടതെന്നും നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.

എം.എം കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം അന്ധവിശ്വാസത്തിനെതിരായ ബില്ലിനായി സമൂഹത്തില്‍ നിന്നും വന്‍തോതിലുള്ള ആവശ്യമാണ് ഉയര്‍ന്നത്. മുന്നോട്ട് വച്ച ബില്ലില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജയചന്ദ്ര അറിയിച്ചു. എന്നാല്‍ പിന്നീട് ഭേദഗതി വരുത്താനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരോധിക്കേണ്ടതായ പ്രവര്‍ത്തികളെ 16 പോയിന്റുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാളെക്കൊണ്ട് ചെയ്യിക്കുന്ന ശയന പ്രദക്ഷിണങ്ങള്‍, നിരാഹാരവ്രതങ്ങള്‍ എന്നിവ മനുഷ്യത്വരഹിതമാണെന്ന് ബില്ലില്‍ പറഞ്ഞിട്ടുണ്ട്.

ഏതെങ്കിലും ജീവിയെ കൊല്ലുന്നതും ആരെയെങ്കിലും തീയിലൂടെ നടത്തുന്നതും ഹീനമായ പ്രവര്‍ത്തികളാണെന്നും അവയും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ബില്ലിന് സമാനമായ ബില്ലാണ് കര്‍ണാടകയിലും പാസാക്കിയിരിക്കുന്നതെന്നും എന്നാല്‍ കര്‍ണാടക ബില്ലില്‍ അധികമായി സംരക്ഷിത, പട്ടിക വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement