ദളിതനായതിനാൽ എന്നെ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല; ബി.ജെ.പിക്കെതിരെ ബി.ജെ.പി എം.പി
national news
ദളിതനായതിനാൽ എന്നെ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല; ബി.ജെ.പിക്കെതിരെ ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 9:13 am

ബെംഗളൂരു: ദളിതനായതിനാൽ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവും എം.പിയുമായ രമേഷ് ജിഗജിനാഗി. ഏഴു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും കാബിനറ്റ് പദവി നഷ്ടപ്പെട്ടതിൽ അദ്ദേഹം ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചു.

മുൻ കർണാടക മന്ത്രിയായ രമേഷ് ജിഗജിനാഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിൽ 2016 മുതൽ 2019 വരെ കുടിവെള്ള ശുചീകരണ സഹമന്ത്രിയായിരുന്നു.

‘എനിക്ക് മന്ത്രിസ്ഥാനമല്ല, എനിക്ക് ആളുകളെയാണ് വേണ്ടത്. ന്യൂദൽഹിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ആളുകൾ എന്നെ ശപിച്ചു. പാർട്ടി ദളിത് വിരുദ്ധമാണെന്നും അതിൽ ചേരേണ്ടതില്ലെന്നും അവർ എന്നോട് പറഞ്ഞു. ദളിത് സമുദായത്തിലെ പല നേതാക്കളും എന്നോട് തർക്കിച്ചു.

ഈ പ്രവർത്തി ഒട്ടും ശരിയായതല്ല. എന്തൊരു അനീതിയാണിത്? ഏഴ് പൊതുതെരഞ്ഞെടുപ്പുകളിൽ ദക്ഷിണേന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ദളിതൻ ഞാനാണ്. എല്ലാ ഉന്നത ജാതി നേതാക്കൾക്കും മന്ത്രിസഭയിൽ അവസരം ലഭിച്ചു.

ദളിതർ ബിജെപിയെ പിന്തുണച്ചിട്ടില്ലേ. എന്നിട്ടും ഇത്തരത്തിലാണോ പെരുമാറുന്നത്. എനിക്ക് ഇങ്ങനെ സംഭവിച്ചതിൽ വലിയ വേദന ഉണ്ട്,’ രമേഷ് ജിഗജിനാഗി പറഞ്ഞു.

72 കാരനായ ജിഗജിനാഗി 1998 ലാണ് ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ചിക്കോടി (എസ്‌.സി) മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണയും ബിജാപൂർ (എസ്‌.സി) സീറ്റിൽ നിന്ന് നാല് തവണയും വിജയിച്ച ഏഴ് തവണ പാർലമെൻ്റ് അംഗമായ ആളാണ് ജിഗജിനാഗി. നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല.

Content Highlight: Karnataka 7-time Dalit BJP MP miffed at being denied cabinet post