കരീം ബെൻസെമയുടെ ക്ലബ്ബ് ഭാവി അനശ്ചിതത്വത്തിൽ;റിപ്പോർട്ട്
football news
കരീം ബെൻസെമയുടെ ക്ലബ്ബ് ഭാവി അനശ്ചിതത്വത്തിൽ;റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 11:45 am

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് കരീം ബെൻസെമ.
ഫ്രാൻസിനായി നേടിയിട്ടുള്ളതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം റയൽ മാഡ്രിഡിനായാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ ക്ലബ്ബിന്റെ ഇതിഹാസ താരം എന്ന് അറിയപ്പെടുമ്പോഴും റയലിലെ ബെൻസെമയുടെ ഭാവി അനശ്ചിതത്വത്തിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ സീസൺ അവസാനിക്കുന്നതോടെ താരത്തിന്റെ ക്ലബ്ബിലെ കരാർ അവസാനിക്കുകയാണ് അതിനാൽ തന്നെ ക്ലബ്ബിന്റെ പുതിയ മാനേജ്മെന്റ് തീരുമാനം അനുസരിച്ചായിരിക്കും ബെൻസെമയുടെ റയലിലെ ഭാവി തീരുമാനിക്കപ്പെടുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആർ.എം.സി സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്ലബ്ബിലേക്ക് പുതിയ പരിശീലകനെ കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ്‌ എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിനാൽ തന്നെ പുതിയ പരിശീലകന്റെ കൂടി താൽപര്യം അനുസരിച്ചായിരിക്കും ക്ലബ്ബിൽ ബെൻസെമയുടെ ഭാവി, എന്നാണ് ആർ.എം. സി സ്‌പോർട്സിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

എന്നാൽ ക്ലബ്ബിന്റെ മുൻ നിര ഫോർവേർഡായി ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ബെൻസെമയെ പെട്ടെന്ന് റയൽ അധികൃതർ ഒഴിവാക്കില്ലെന്നാണ് ഫുട്ബോൾ വിദഗ്ധർ സൂചിപ്പിക്കുന്നത്.

റോഡ്രിഗോ, വിനീഷ്യസ് മുതലായ സൂപ്പർ താരങ്ങൾ കൈവശമുള്ളപ്പോഴും ബെൻസെമ തന്നെയാണ് റയലിന്റെ മുന്നേറ്റ നിരയെ നയിക്കുന്നത്.
അതിനാൽ തന്നെ താരവുമായുള്ള കരാർ മാഡ്രിഡ്‌ ക്ലബ്ബ്‌ നീട്ടിയേക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ ബെൻസെമക്ക് പറ്റിയ ഒരു പകരക്കാരനെ കണ്ടെത്താൻ റയൽ മാഡ്രിഡിന് സാധിച്ചിട്ടില്ല. ബെൻസെമയുടെ പിൻഗാമിയായി എംബാപ്പെയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. എന്നാലും ക്ലബ്ബ് എംബാപ്പെയെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയിൽ നിലവിൽ 18 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌.
ചാമ്പ്യൻസ് ലീഗിലും ക്വാർട്ടർ ഫൈനലിലേക്ക് ക്ലബ്ബ് യോഗ്യത നേടിയിട്ടുണ്ട്.

 

Content Highlights:Karim Benzema’s club future is uncertain; report