2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങൾ അടക്കം നടത്താനാണ് ആലോചനയെന്നാണ് സൂചന. ഇതിന് സംബന്ധിച്ച അന്തിമ തീരുമാനം ഐ.സി.സി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ന്യൂസ് മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷം നടക്കുന്ന ടൂർണമെന്റിന് വേദിയായി ആദ്യം കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്ന് ചെന്നൈ അടക്കമുള്ള നാല് സ്റ്റേഡിയങ്ങളെയാണ് വേദിയായി ഐ.സി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികളുമായി ഐ.സി.സി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ് നടത്താനുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ തേടിയതായി കെ.സി.എ ഭാരവാഹികൾ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക. സെപ്റ്റംബര്‍ 25ന് സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവാനാണ് സാധ്യത.
കൂടാതെ, ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക, ഇന്ത്യ – ബംഗ്ലാദേശ്, എന്നീ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരവും ഗ്രീന്‍ഫീല്‍ഡില്‍ നടന്നേക്കുമെന്നാണ് വിവരം. ഈ മത്സരങ്ങളൊക്കെ ഐ.സി.സി നേരത്തെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. വേദി മാറ്റത്തിന് കാരണം വ്യക്തമല്ല.
സെപ്റ്റംബര്‍ 30ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ഐ.സി.സി. വേദികള്‍ നിശ്ചയിച്ചിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു, അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്റ്റേഡിയം ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം വിശാഖപട്ടണം എന്നിവയായിരുന്നു ആദ്യം നിശ്ചയിച്ച ഇന്ത്യയിലെ വേദികള്‍.