കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് എം.എല്‍.എ കാരാട്ട് റസാഖ്. നരകത്തില്‍ നിന്നും സ്വര്‍ഗത്തിലെത്തിയ അനുഭൂതിയാണ് തനിക്കുള്ളതെന്നാണ് കുന്ദമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ യോഗത്തില്‍ കരാട്ട് റസാഖിന്റെ പരാമര്‍ശം.
’10 വര്‍ഷവും 19 ദിവസമായി ഞാന്‍ യു.ഡി.എഫും മുസ്‌ലിം ലീഗും വിട്ടിട്ട്. ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് തന്ന് നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്ക് അടുത്തിരിക്കുകയാണ്,’ കാരാട്ട് റസാഖ് പറഞ്ഞു.
കുന്ദമംഗലം മണ്ഡലത്തെ സ്വര്‍ഗതുല്യമാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.എ. റസാഖ് മാസ്റ്ററെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായി പി.ടി.എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവും റസാഖ് ഉന്നയിച്ചിരുന്നു. ഒറ്റുകാരന്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘നമ്മുടെ റസാഖ് മാസ്റ്ററുടെ എതിര്‍ സ്ഥാനാര്‍ത്ഥി എന്റെ നാട്ടുകാരനാണ്, എന്റെ അയല്‍വാസിയാണ്. അദ്ദേഹത്തിന് ഒരു കാര്യം മാത്രം ജീവിതത്തില്‍ അറിയാം. 1991ല്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ പി.വി മുഹമ്മദ് സാഹിബ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തി.
96ല്‍ സി. മോയിന്‍കുട്ടി സാഹിബ് മത്സരിച്ചപ്പോഴും അതേ പ്രവണത തുടര്‍ന്നു. 2001ല്‍ സി. മമ്മൂട്ടി സാഹിബ് മത്സരിച്ചപ്പോഴും അത് തന്നെ ആവര്‍ത്തിച്ചു. അദ്ദേഹത്തെ എല്ലാ സമയത്തും ഞങ്ങള്‍ നോക്കിക്കാണുന്നത് ഒറ്റുകാരന്‍ എന്നാണ്,’ റസാഖ് പറഞ്ഞു.
2021ല്‍ താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത് ഇതേ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
2016ല്‍ താന്‍ ഇപ്പോള്‍ വോട്ട് ചോദിക്കുന്ന റസാഖ് മാസ്റ്ററെ പരാജയപ്പെടുത്തിയാണ് ഇടതുടിക്കറ്റില്‍ വിജയിച്ചതെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് സത്യത്തില്‍ ഒരു ഖേദമുണ്ട്, 2016ല്‍ റസാഖ് മാഷും ഞാനുമായിട്ടാണ് ഏറ്റുമുട്ടിയത്. അത് ചില സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടിയതാണ്. അതില്‍ എനിക്ക് ഉണ്ടായിട്ടുള്ള പ്രയാസം തീര്‍ക്കാന്‍ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മുഴുവന്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തകന്മാരും നേതാക്കന്മാരും രംഗത്തിറങ്ങണം. അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ കാരാട്ട് റസാഖ് പറഞ്ഞു.
ഇന്ന് രാവിലെ പാണക്കാട്ട് എത്തിയാണ് കാരാട്ട് റസാഖ് മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. സി.പി.ഐ.എം അവഗണിച്ചു എന്നാരോപിച്ചുകൊണ്ടായിരുന്നു റസാഖ് ഇടതിനോട് ഇടഞ്ഞത്. ഒരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും വളരെ സന്തോഷപൂര്‍വം അദ്ദേഹത്തിന് അംഗത്വം നല്‍കിയതായും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Content Highlight: Karat Razak sharply criticized the CPI(M).