ആ ലവ് സ്റ്റോറി ചെയ്യാന്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും പ്രചോദനമായിട്ടുണ്ടാവാം: കരണ്‍ ജോഹര്‍
Film News
ആ ലവ് സ്റ്റോറി ചെയ്യാന്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും പ്രചോദനമായിട്ടുണ്ടാവാം: കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 12:27 pm

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രമാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി. കരണിന്റെ സ്‌ട്രോങ് ഏരിയ ആയ റൊമാന്റിക് ഴോണറില്‍ എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട്, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. സിനിമ വലിയ വിജയമാണ് നേടിയത്.

റോക്കി ഓര്‍ റാണി കി പ്രേം കഹാനി എടുക്കാന്‍ ബോളിവുഡ് താര ദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തനിക്ക് പ്രചോദനമായിട്ടുണ്ടാവാം എന്ന് പറയുകയാണ് കരണ്‍ ജോഹര്‍. അവരുടെ സൗഹൃദം വളരെ രസകരമാണെന്നും അത് അവിചാരിതമായി തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടാവാമെന്നുമാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ പറഞ്ഞു.

‘ചിലപ്പോള്‍ അവിചാരിതമായി അവരുടെ കഥ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടാവാം. അവരുടെ ദാമ്പത്യത്തില്‍ ഗംഭീരമായ ഒരു ഫ്രണ്ട്ഷിപ്പുണ്ട്. ഞാന്‍ അവര്‍ക്കൊപ്പം നിരവധി സമയം ഡിന്നറിനും, ഔട്ടിങ്ങിനുമായി ചിലവഴിച്ചിട്ടുണ്ട്.

അവരുടെ സൗഹൃദം വളരെ രസമാണ്. കാരണം പോലും ഇല്ലാതെ തമ്മില്‍ തമ്മില്‍ എന്നും സന്തോഷിപ്പിക്കുന്ന വ്യക്തികളാണ് അവര്‍. സമൂഹത്തിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും വരുന്ന ആളുകളായിട്ടും അവര്‍ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തുന്നു. അസാധ്യമായ കാര്യമായാണ് എനിക്ക് അത് തോന്നിയത്. എവിടെയും അവര്‍ അവരുടെ കംഫര്‍ട്ട് കണ്ടെത്തുന്നു, തമ്മില്‍ സ്‌നേഹിക്കുന്നു,’ കരണ്‍ ജോഹര്‍ പറഞ്ഞു.

ഈ വര്‍ഷം ജൂലൈ 28നാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി റിലീസ് ചെയ്തത്. രണ്‍വീറിനേയും ആലിയയേയും കൂടാതെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlight: Karan Johar says Akshay Kumar and Twinkle Khanna may have inspired him to make Rocky Aur Rani Ki Prem Kahaani