ചെന്നൈ പാസമെന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ എവിടെ? ട്രാക്ക് മാറ്റി വിനീത്, കൂടെ നമ്മുടെ ആശാനും; കരം ട്രെയ്ലര്‍ പുറത്ത്
Malayalam Cinema
ചെന്നൈ പാസമെന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ എവിടെ? ട്രാക്ക് മാറ്റി വിനീത്, കൂടെ നമ്മുടെ ആശാനും; കരം ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 8:21 pm

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരം. ഇപ്പോഴിതാ ആക്ഷനും വയലന്‍സും മാസും നിറക്കുന്ന കരത്തിലെ ഗംഭീര ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റൊമാന്റിക് ചിത്രങ്ങള്‍ക്ക് തന്റേതായ ഐഡന്റിറ്റി കൊടുത്ത വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റമാണ് കരമെന്നാണ് ട്രെയ്ലര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.

ചെന്നൈ പാസമെന്നും ക്രിഞ്ച് എന്നും പൈങ്കിളിയെന്നും പറഞ്ഞ് വിനീത് ശ്രീനിവാസന്റെ സിനിമകളെ ട്രോളുന്നവര്‍ക്കുള്ള വിനീതിന്റെ കിടിലന്‍ മറുപടിയാണ് കരമെന്നാണ് സോഷ്യന്‍ മീഡിയ ഒന്നടങ്കം പറയുന്നത്. ഹെലന്‍ എന്ന സിനിമക്ക് ശേഷം നോബിള്‍ ബാബു നായകനാകുന്ന ചിത്രം കൂടിയാണിത്.

ഏഴാമത്തെ ചിത്രമാണെങ്കിലും ‘തിര’യുടെ സംവിധായകന്‍ എന്ന ലേബലിലാണ് വിനീത് തന്നെ ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ ക്യാപ്റ്റന്‍ ഇവാന്‍ വുകമനോവിച്ചും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഒരിടവേളക്ക് ശേഷം ഷാന്‍ റഹ്‌മാനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കരം. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്‌മണ്യനും ചേര്‍ന്നാണ് കരത്തിന്റെ നിര്‍മാണം.

തോക്കും കയ്യില്‍ പിടിച്ചിട്ടുള്ള നോബിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ട്രെയ്ലര്‍ ചിത്രത്തിന്റെ ഹൈപ്പ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 25 ന് കരം തിയേറ്ററുകളിലെത്തും.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ് കരത്തിനുണ്ടായിരുന്നത്.

Content Highlight: Karam Movie Trailer Is out