ലാപ്‌ത ലേഡീസ് എന്നല്ലാതെ ലാപ്‌ത പ്രസിഡന്റെന്ന് കേട്ടിട്ടില്ല; ധൻകർ എവിടെയെന്ന് കപിൽ സിബൽ
India
ലാപ്‌ത ലേഡീസ് എന്നല്ലാതെ ലാപ്‌ത പ്രസിഡന്റെന്ന് കേട്ടിട്ടില്ല; ധൻകർ എവിടെയെന്ന് കപിൽ സിബൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 5:43 pm

ന്യൂദൽഹി: മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടെയാണെന്ന ചോദ്യമുയർത്തി രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ജഗദീപ് ധൻകർ എവിടെയാണെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കാത്തതെന്നും കപിൽ സിബൽ ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധൻകർ എവിടെയാണെന്ന് സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ജൂലൈ 22ന് നമ്മുടെ ഉപരാഷ്ട്രപതി രാജിവെച്ചു. ഇന്ന് ഓഗസ്റ്റ് ഒമ്പതായി. അന്നുമുതൽ അദ്ദേഹം എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ഔദ്യോഗിക വസതിയിലില്ല. ആദ്യ ദിവസം, ഞാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ഫോൺ എടുത്ത് അദ്ദേഹം വിശ്രമിക്കുകയാണെന്ന് പറഞ്ഞു,’ സിബൽ പറഞ്ഞു.

തന്റെ പല രാഷ്ട്രീയ സഹപ്രവർത്തകർ ശ്രമിച്ചിട്ടും ധൻകറെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും സിബൽ പറഞ്ഞു. താൻ ലാപ്‌ത ലേഡീസ് എന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ ലാപ്‌ത (കാണാതായ) വൈസ് പ്രസിഡന്റെന്ന് കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ധൻകർ തന്റെ കാലാവധി മുഴുവൻ സർക്കാരിനെ പിന്തുണച്ചു, പക്ഷേ ഇപ്പോൾ പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കേണ്ടിവരുമെന്ന് തോന്നുന്നു. നമ്മൾ എന്തുചെയ്യണം? നമ്മൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യണോ?,’ സിബൽ ചോദിച്ചു.

ആഭ്യന്തര മന്ത്രാലയത്തിനും അമിത് ഷായ്ക്കും അദ്ദേഹം എവിടെയാണെന്ന് അറിയാമായിരിക്കാമെന്നും അതിനെ കുറിച്ച് ഒരു പ്രസ്താവന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബത്തിലെ ആളുകളും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നം? മറ്റ് രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുള്ളൂ, പക്ഷേ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അതിനാൽ അത്തരം കാര്യങ്ങൾ പൊതു മണ്ഡലത്തിൽ അറിയിക്കണമെന്നും സിബൽ ഓർമിപ്പിച്ചു.

‘ആഭ്യന്തരമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് ധാരാളം സോഴ്സുണ്ട്, നിങ്ങൾ ബംഗ്ലാദേശികളെ തിരിച്ചയയ്ക്കുന്നു. അദ്ദേഹം നമ്മുടെ വൈസ് പ്രസിഡന്റായിരുന്നു, അതിനാൽ നിങ്ങൾക്കറിയാം, അതിനാൽ ദയവായി അദ്ദേഹം എവിടെയാണെന്ന് പറയുക,’ അദ്ദേഹം പറഞ്ഞു.

തനിക്ക് ധൻകറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും തന്റെ കൂടെ നിരവധി കേസുകൾ വാദിച്ചിരുന്ന ഒരു അഭിഭാഷകനായിരുന്നുവെന്നും സിബൽ പറഞ്ഞു. എനിക്ക് ആശങ്കയുണ്ട്. എന്നാൽ ഒരു എഫ്‌.ഐ.ആർ ഫയൽ ചെയ്യുന്നത് നല്ലതായി തോന്നുന്നുമില്ല. അദ്ദേഹത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു വിവരവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഒരു എക്സ് പോസ്റ്റിലൂടെയും മുതിർന്ന അഭിഭാഷകനായ സിബൽ ഇതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു രാജി. എന്നാൽ രാജിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

Content Highlight: Kapil Sibal raises concerns about whereabout of former vice president Jagadeep Dhankhar