ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ യു.എ.ഇയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനും പാകിസ്ഥാന് സാധിച്ചു. ഇതോടെ സെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും.
എന്നിരുന്നാലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ പാകിസ്ഥാനും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ചെറിയ കാര്യമാണെന്നും ഇരു ടീമുകളും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
ആരെങ്കിലും പരസ്പരം കൈനല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വലിയ വിഷയമാക്കേണ്ട ആവശ്യമില്ലെന്നും അവര്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കണമെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല കൈകുലുക്കണോ അതോ കെട്ടിപ്പിടിക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു.
‘ഇതൊക്കെ ചെറിയ കാര്യങ്ങളാണ്, ക്രിക്കറ്റ് കളിക്കുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആരെങ്കിലും പരസ്പരം കൈനല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വലിയ വിഷയമാക്കേണ്ട ആവശ്യമില്ല. അതുമായി ബന്ധപ്പെട്ട് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല.
പക്ഷേ ചില ക്രിക്കറ്റ് താരങ്ങള്‍ അത് ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ നന്നായി കളിച്ചില്ല, അവര്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. കൈകുലുക്കണോ അതോ കെട്ടിപ്പിടിക്കണോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്,’ കപില്‍ ദേവ് എ.എന്‍.ഐയോട് പറഞ്ഞു.
Content Highlight: Kapil Dev Talking About India And Pakistan