കാപ്പ ചുമത്തിയ ബി.ജെ.പി കൗണ്‍സിലര്‍ കൊടും ക്രിമിനല്‍, പുറത്താക്കണമെന്ന് എല്‍.ഡി.എഫ്; സുഗതനെ ന്യായീകരിച്ച് വി.വി. രാജേഷ്; പൊലീസിനെ പ്രശംസിച്ച് ചെന്നിത്തല
Kerala
കാപ്പ ചുമത്തിയ ബി.ജെ.പി കൗണ്‍സിലര്‍ കൊടും ക്രിമിനല്‍, പുറത്താക്കണമെന്ന് എല്‍.ഡി.എഫ്; സുഗതനെ ന്യായീകരിച്ച് വി.വി. രാജേഷ്; പൊലീസിനെ പ്രശംസിച്ച് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2026, 4:13 pm

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലിലായ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ നഗരസഭയില്‍ നിന്ന് പുറത്താക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍. വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ സുഗതനെ ഇന്നലെയാണ് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. പിന്നീട് ഇയാളെ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കാപ്പ കേസില്‍ ജയിലിലായ സാഹചര്യത്തില്‍ സുഗതനെ കൗണ്‍സിലില്‍ നിന്നും പുറത്താക്കണമെന്ന് തിരുവനന്തപുരം നഗരസഭയിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വക്കേറ്റ് എസ്.പി ദീപക് ആവശ്യപ്പെട്ടു. മേയര്‍ വി.വി. രാജേഷിനോട് മുന്നണി ഇക്കാര്യം ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുഗതന്‍ കൊടും ക്രിമിനലാണെന്നും ഗുണ്ടാ പ്രവര്‍ത്തനത്തിലൂടെ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഇയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം സീറ്റ് നല്‍കുകയായിരുന്നെന്നും ദീപക് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, മണ്ണ് മാഫിയ തുടങ്ങിയവയിലൂടെയാണ് സുഗതന്‍ വളര്‍ന്നത്. കൗണ്‍സിലറായ ശേഷവും സുഗതന്‍ ഗുണ്ടാ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നഗരത്തെ ക്രിമിനല്‍ സംഘങ്ങളുടെ കൂടാരമാക്കാനാണ് ബി.ജെ.പിയും കോര്‍പ്പറേഷന്‍ ഭരണകൂടവും ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുഗതനെ ന്യായീകരിച്ച് മേയര്‍

അതേസമയം, നഗരസഭാ മേയര്‍ വി.വി. രാജേഷ് സുഗതനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സുഗതനെ കാപ്പ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് മനപൂര്‍വ്വം വേട്ടയാടുകയാണെന്നും വി.വി. രാജേഷ് ആരോപിച്ചു. പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

സുഗതന്‍ കാപ്പ കേസില്‍ പ്രതിയാണെങ്കില്‍ അത് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണം. മേയര്‍ എന്ന നിലയില്‍ കൗണ്‍സിലര്‍മാരെ ഇത്തരത്തില്‍ ദ്രോഹിക്കുന്ന നടപടിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും. സുഗതന്റെ വീട് താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

കാപ്പ പ്രകാരം ജയിലിലായ ആദ്യ കൗണ്‍സിലര്‍

സംസ്ഥാനത്ത് കാപ്പ പ്രകാരം ജയിലിലായ ആദ്യ കൗണ്‍സിലറാണ് സുഗതന്‍. പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഗതനെ കാപ്പ ചുമത്തി ജയിലിലിടാന്‍ നേരത്തെ ജില്ലാ കലക്ടറുടെ ഉത്തരവുണ്ടായിരുന്നു.

വാഴോട്ടുകോണത്ത് നിന്നുള്ള ബി.ജെ.പി കൗണ്‍സിലറായ സുഗതനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. രാത്രി 12 മണിയോടെ സുഗതനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും രാവിലെ ആറ് മണിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സുഗതന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പൊലീസ് ആകാശത്തേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു.

പൊലീസിനെ പ്രശംസിച്ച് ചെന്നിത്തല

അതേസമയം സുഗതന്റെ അറസ്റ്റില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിന് അഭിനന്ദനമറിയിച്ചു. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കൗണ്‍സിലറുടെ അറസ്റ്റില്‍ അസ്വഭാവികത ഇല്ല. ഗുണ്ടകള്‍ ആരായാലും ആ പണി നിര്‍ത്തുന്നതാണ് നല്ലത്. പൊലീസ് അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.

Content Highlight: Kapa Arrest of BJP Councilor Sugathan in Thiruvananthapuram- Response of LDF, Mayor VV Rajesh and Minister Ramesh Chennithala