റോക്കി ഭായിയെ മലര്‍ത്തിയടിച്ചു; കന്നഡയിലെ ആദ്യ 200 കോടിയായി കാന്താര ചാപ്റ്റര്‍ വണ്‍
Indian Cinema
റോക്കി ഭായിയെ മലര്‍ത്തിയടിച്ചു; കന്നഡയിലെ ആദ്യ 200 കോടിയായി കാന്താര ചാപ്റ്റര്‍ വണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th October 2025, 8:41 pm

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി ഒരുക്കിയ ഈ സിനിമ ആദ്യ ദിവസം തന്നെ നൂറ് കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കര്‍ണാടക ബോക്‌സ് ഓഫീസില്‍ ആദ്യമായി 200 കോടി നേടിയ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍.

റിലീസായി 17ാം ദിവസമാണ് കെ.ജി എഫിനെയും ബാഹുബലിയെയും തള്ളിയാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്. ദീപാവലി ഹോളിഡേ പ്രമാണിച്ച് സിനിമയുടെ കളക്ഷന്‍ ഇനിയും ഉയരാനാണ് സാധ്യത. ആഗോളതലത്തില്‍ 800 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയ സിനിമ വൈകാതെ തന്നെ 1000 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്ന് 50 കോടിയാണ് സിനിമ നേടിയത്.

ദക്ഷിണ കര്‍ണാടകയില്‍ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022ല്‍ പുറത്തിറക്കിയ ചിത്രമാണ് കാന്താര. കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ എത്തിയത്.

റിഷബ് നായകനായെത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് രുക്മിണി വസന്ത് ആയിരുന്നു. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറാന്‍ ഈ ചിത്രത്തിലൂടെ രുക്മിണിക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ ജയറാം ഒരു പ്രധാനവേഷത്തിലെത്തുകയും തന്റെ പ്രകടനത്തിന് മികച്ച കയ്യടി നേടുകയും ചെയ്തിരുന്നു.

Content highlight: Kanthara Chapter One has become the first film to gross Rs 200 crore at the Karnataka box office