സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരം; ചർച്ചയായി ഈജിപ്തില് നടന്ന സമ്മേളനത്തിന്റെ ചിത്രങ്ങൾ
Kerala
സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരം; ചർച്ചയായി ഈജിപ്തില് നടന്ന സമ്മേളനത്തിന്റെ ചിത്രങ്ങൾ
കെ.എസ് ഷാബിന
Monday, 31st August 2026, 1:55 pm

തിരുവനന്തപുരം: അന്യ പുരുഷന്‍മാര്‍ക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നുമുള്ള പ്രസ്താവന വിവാദമായിരിക്കെ സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ചിത്രങ്ങള്‍ പുറത്ത്. ഈജിപ്തിൽ നടന്ന പരിപാടിയിലും മർകസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിലും സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്നലെ കൊച്ചിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ ‘ സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവരാണ്’ എന്നായിരുന്നു കാന്തപുരം നടത്തിയ പ്രസ്താവന.

‘സ്ത്രീകളെ രംഗത്തിറക്കിയാൽ അത് വലിയ നാശമാണ് എന്നതുകൊണ്ട് തന്നെയാണ് സ്ത്രീകൾക്ക് പർദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. പെണ്ണുങ്ങൾ അവരുടെ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. ബുദ്ധിപരമായി ആലോചിച്ചാൽ അത് വലിയ സംഗതിയാണ്‌,’ കൊച്ചിയിൽ നടന്ന പരിപാടിയിൽ കാന്തപുരം പറഞ്ഞു.

ഇക്കാര്യം പറയാൻ തനിക്ക് എന്തവകാശമാണ് ഉള്ളത് എന്ന് ചോദിച്ചാൽ തങ്ങൾ മതത്തെ കുറിച്ച് പഠിച്ചവരാണെന്നും അതിനാൽ അത് പറയൽ നിർബന്ധമാണെന്നും ആയിരുന്നു കാന്തപുരം പറഞ്ഞത്. ആരെങ്കിലും അതിനെ ചോദ്യം ചെയ്താൽ തങ്ങൾ പേടിച്ചോടില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു. വലിയ വിമര്ശനങ്ങളാണ് കാന്തപുരത്തിന്റെ പ്രസ്താവനക്കതിരെ ഉയരുന്നത്. മുസ്‌ലിം സ്ത്രീകൾ ഉൾപ്പടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പുരുഷന്മാർക്കുമുന്നിൽ പ്രദർശിപ്പിക്കരുത് എന്നായിരുന്നു കാന്തപുരം അടുത്തിടെ നടത്തിയ പ്രസ്താവന. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നിലനിൽക്കെ കാന്തപുരത്തിന്റെ ഇന്നലെ നടത്തിയ പ്രസ്താവന കൂടുതൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് കാന്തപുരത്തിന് അഭിപ്രായം പറയാം എന്നായിരുന്നു സമസ്ത ഇ.കെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിടുന്ന കാന്തപുരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നോടെ അദ്ദേഹത്തിന്റെ വാക്കുകളിലെ വൈരുദ്ധ്യമാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

Content Highlight:Kanthapuram sharing stage with women: Photos from Egypt conference spark discussion

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.