തിരുവനന്തപുരം: സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.ഐമ്മും കോണ്‍ഗ്രസും. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുസ്‌ലിം ലീഗ് ഇത്‌വരെ തയ്യാറായിട്ടില്ല.
കോണ്‍ഗ്രസിന്റെ മന്ത്രിമാരടക്കമുള്ള നിരവധി നേതാക്കള്‍ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ യോജിപ്പില്ലെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രയാമാണെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം ജോണും കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ആര്‍ക്കുമില്ലെന്നും അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ. മുരളീധരനും ഈ കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ‘പേരാമ്പ്രയില്‍ മുസ്‌ലിം വനിതയാണ് വിജയിച്ചത്. അത് കാലത്തിന്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസിലാക്കണം,’ കെ. മുരളീധരന്‍ പറഞ്ഞു.
പഠിച്ചവരെന്ന് അവകാശപ്പെടുന്നവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ സ്ത്രീ വിരുദ്ധത പറഞ്ഞാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് ജിന്റോ ജോണും പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നത് പൊതു സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാട് എന്നതായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം.
മതപണ്ഡിതന്മാര്‍ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്നായിരുന്നു സി.പി.ഐ.എം നേതാവും മുന്‍ നിയമ സഭാ സ്പീക്കറുമായ എ. എന്‍ ഷംസീറിന്റെ പ്രതികരണം. കാന്തപുരം വീണ്ടും സ്ത്രീ വിരുദ്ധത ശര്‍ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു സി.പി.ഐ.എം നേതാവ് പി.കെ ശ്രീമതിയും പ്രതികരിച്ചു.
പ്രായാധിക്യത്തിന്റെ അത്തുംപിത്തുമായി മാത്രം കണ്ട് ഇത്തരം പ്രസ്താവനകളെ അവഗണിച്ചാല്‍ ആധുനിക കേരളത്തോട് കാലം മാപ്പ് നല്‍കില്ലെന്നും, സ്ത്രീകളെ വെറും ‘പ്രദര്‍ശനവസ്തു’വായി ചിത്രീകരിക്കുന്നത് അടിച്ചാക്ഷേപിക്കലാണെന്നും അവര്‍ വിമര്‍ശിച്ചു.
സ്ത്രീകളെ വീടുകളില്‍ മാത്രം ഒതുക്കി നിര്‍ത്താനുള്ള നീക്കം ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കെ.കെ ശൈലജയും പ്രതികരിച്ചു. എന്നാല്‍ വിഷയം ഇത്രയും വിവാദമായിട്ടും മുസ്‌ലിം ലീഗ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കാന്തപുരത്തിന്റെ പ്രസ്താവനയെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായികൊണ്ട് കമന്റില്ല എന്ന ഒറ്റവാക്കിലായിരുന്നു മന്ത്രി കെ.എം ഷാജിയുടെ പ്രതികരണം.
‘പണ്ഡിന്മാര്‍ പറഞ്ഞതല്ലേ അതിന് ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,’ ഇതായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രതികരണം.
Content Highlight: Kanthapuram’s anti-women statement; CPI(M) and Congress level sharp criticism, while the League remains silent.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.