ഗൂഢാലോചനയുമില്ല, വിദേശഫണ്ടുമില്ല; യോഗി സര്‍ക്കാരിന്റെ 'ലൗ ജിഹാദ്' വാദങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടുമായി കാണ്‍പൂര്‍ പൊലീസ്
national news
ഗൂഢാലോചനയുമില്ല, വിദേശഫണ്ടുമില്ല; യോഗി സര്‍ക്കാരിന്റെ 'ലൗ ജിഹാദ്' വാദങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടുമായി കാണ്‍പൂര്‍ പൊലീസ്
ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 10:56 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന വിവരങ്ങളുമായി കാണ്‍പൂര്‍ പൊലീസ്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന 14 ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്കെടുത്ത 14 കേസുകളിലും കുറ്റകൃത്യങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ചതോ, ഗൂഢാലോചനയോ, വിദേശ ഫണ്ടിംഗോ നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ലവ് ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണ്ണാടക സര്‍ക്കാരുകള്‍ രംഗത്തെത്തിയ അവസരത്തിലാണ് ഈ വെളിപ്പെടുത്തലുമായി കാണ്‍പൂര്‍ പൊലീസ് രംഗത്തെത്തിയത്.

കാണ്‍പൂരിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കേസുകള്‍ ഞങ്ങള്‍ സമാഹരിച്ചു. ഇത്തരത്തിലുള്ള 14 കേസുകളുണ്ട്. ചില കേസുകളില്‍, അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. 14 പേരില്‍ ഏഴെണ്ണം മാത്രമാണ് ഞങ്ങള്‍ ഇപ്പോഴും അന്വേഷിക്കുന്നത്, കേസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വികാസ് പാണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാക്കിയ എഴ് കേസുകളില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലായിരുന്നു.പെണ്‍കുട്ടികള്‍ക്ക് നേരത്തെ അറിയാവുന്നവര്‍ തന്നെയാണ് വിവാഹം ചെയ്തത്. യാതൊരുവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

അന്വേഷണം നടത്തിയ കേസുകളില്‍ യാതൊന്നിലും ഗൂഢാലോചന, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിദേശ സംഘടനകളുടെ ഫണ്ട് എന്നിവയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

യു.പിയ്ക്ക് ശേഷം ഈ വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് ഖട്ടര്‍ പറഞ്ഞത്.

തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമാനമായി മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിട്ടുണ്ട്. പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുമെന്നുമാണ് ചൗഹാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kanpur Police Denies Love Jihad Allegations Of Yogi Aditya Nath