ഉളിയില്‍ ഖദീജ കൊലക്കേസ്; സഹോദരന്മാര്‍ക്ക് ജീവപര്യന്തം തടവ്
Kerala
ഉളിയില്‍ ഖദീജ കൊലക്കേസ്; സഹോദരന്മാര്‍ക്ക് ജീവപര്യന്തം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 4:11 pm

കൊച്ചി: കണ്ണൂര്‍ ഉളിയിലെ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്. കെ.എന്‍. ഇസ്മയില്‍, കെ.എന്‍. ഫിറോസ് എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. തലശ്ശേരി അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി.  ജഡ്ജി ഫിലിപ്പ് തോമസാണ് വിധി പുറപ്പെടുവിച്ചത്.

ആദ്യവിവാഹം ഒഴിവാക്കി രണ്ടാമതും വിവാഹം കഴിക്കുന്നതിലുള്ള വിരോധത്തിലാണ് പ്രതികള്‍ ഖദീജയെ കൊലപ്പെടുത്തിയത്. 2012 ഡിസംമ്പര്‍ 12നാണ് 28 വയസുകാരിയായ ഖദീജ കൊല്ലപ്പെട്ടത്.

ആദ്യവിവാഹത്തില്‍ നിന്ന് വിവാഹമോചനം നേടിയ യുവതി കോഴിക്കോട് സ്വദേശിയായ ഷാഹുല്‍ ഹമീദിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് പ്രതികള്‍ കൊല നടത്തിയത്.

ഷാഹുല്‍ ഹമീദിനെയും പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട മതചടങ്ങുകൾക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചത്. ഖദീജയെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കെ. നൗഷാദാണ് ഖദീജയുടെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ രണ്ട് യുവതിക്ക് രണ്ട് കുട്ടികളുണ്ട്.

ഇതിനിടെ ഷാഹുലുമായി ഖദീജ ഇഷ്ടത്തിലാകുകയായിരുന്നു. വീട്ടുക്കാര്‍ ആവശ്യപ്പെട്ടിട്ടും ഷാഹുലുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രതികളായ സഹോദരങ്ങള്‍ കൊലപാതകം നടത്തിയത്.

നിലവില്‍ സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസിന്റെ അന്തിമ വാദത്തില്‍ ഖദീജയുടെത് ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇത് ദുരഭിമാനക്കൊല തന്നെയാണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

Content Highlight: kannur Khadija murder case: Brothers sentenced to life imprisonment