ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും വിവാദമായി കന്നഡ-ഹിന്ദി തര്‍ക്കം. ബെംഗളൂരു മെട്രോയില്‍ ഭാഷയെ ചൊല്ലി രണ്ട് സ്ത്രീകള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘നിങ്ങള്‍ മുഖ്യമന്ത്രിയുടെ പെണ്ണാണോ’ എന്ന് ഒരു സ്ത്രീ ഹിന്ദിയില്‍ ചോദിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
പിന്നാലെ ‘ഇത് കര്‍ണാടകയാണ്, ഇവിടെ കന്നഡയിലാണ് സംസാരിക്കേണ്ടത്’ എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു സ്ത്രീ ആക്രോശിക്കുകയായിരുന്നു. നിലവില്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
In Bengaluru’s Namma metro station, a heated argument broke out between two women over language, as one was fighting to speak in Hindi and the other in Kannada. pic.twitter.com/q9HYwvSZAs
ഹിന്ദിയില്‍ സംസാരിച്ച സ്ത്രീ കര്‍ണാടക സ്വദേശിയോട് ‘നിങ്ങള്‍ മുഖ്യമന്ത്രിയാണോ, വഴിയില്‍ നിന്ന് മാറിനില്‍ക്കു’ എന്നും പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. സംഭവം ചര്‍ച്ചയാക്കിയ സോഷ്യല്‍ മീഡിയ ഭാഷയ്ക്ക് പുറമെ മതപരമായും വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്.
മെട്രോയില്‍ ഭാഷയെ ചൊല്ലി തര്‍ക്കിച്ചവരില്‍ ഒരാള്‍ പര്‍ദ്ദയാണ് ധരിച്ചിരുന്നത്. ഇവരാണ് ഹിന്ദിയില്‍ സംസാരിച്ചത്. എന്നാല്‍ കന്നഡയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ച സ്ത്രീ ഒരു ഹിന്ദുവാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
ഹിന്ദിയില്‍ സംസാരിച്ച സ്ത്രീയുടെ ചോദ്യം കുറച്ച് കടുപ്പമുള്ളതായിരുന്നുവെന്നും എന്നാല്‍ ഇതിനോടുള്ള സ്ത്രീയുടെ പ്രതികരണം മോശമായിപ്പോയെന്നും ചിലര്‍ പറയുന്നു. പൊതുസ്ഥലമാണെന്നും മറ്റു യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചിന്തിക്കാതെയാണ് ഇരുവരും പെരുമാറിയതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
ഇതാദ്യമായല്ല കര്‍ണാടകയില്‍ ഭാഷയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ നിലപാടെടുത്തിട്ടുള്ള പ്രതിപക്ഷ സംസ്ഥാനം കൂടിയാണ് കർണാടക.
അതേസമയം അടുത്തിടെ തമിഴ് നടന്‍ കമല്‍ഹാസന്‍ നടത്തിയ കന്നഡ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഏറ്റവും പുതിയ കന്നഡ സിനിമയായ കാന്താരയുടെ പ്രമോഷനിടെ നടന്‍ റിഷഭ് ഷെട്ടിയും ഭാഷാ വിവാദത്തില്‍ കുടുങ്ങിയിരുന്നു.
Content Highlight: Kannada-Hindi dispute; Women fight in Bengaluru Metro