ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതെ പോയ വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ)ത്തെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഡി.എം.കെ.
കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ലോക്‌സഭയില്‍ ഡി.എം.കെ എം.പിമാര്‍ക്ക് പ്രത്യേക സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി കരുണാനിധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്ത്യ സഖ്യത്തിന് വലിയ തിരിച്ചടിയാകുന്നതാണ് ഈ നീക്കം.
‘നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡി.എം.കെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ല.
ലോക്‌സഭയിലെ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടിക്ക് പ്രത്യേക സീറ്റുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്പീക്കര്‍ ചെയ്യണം,’ കനിമൊഴി കത്തില്‍ ആവശ്യപ്പെട്ടു
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഈ മാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി.എം.കെയും കോണ്‍ഗ്രസും ഒരുമിച്ച് സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് (എസ്.പി.എ) ആയാണ് മത്സരിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ 107 സീറ്റുകള്‍ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ, സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് വിജയ്‌യെയും പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെയാണ് കോണ്‍ഗ്രസിനെതിരെ ടി.വി.കെ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചത്.
ഡിഎംകെയുമായി ചേര്‍ന്ന് മത്സരിച്ചതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും, ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നതെങ്കില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും ഡി.എം.കെ കുറ്റപ്പെടുത്തി.