കോണ്‍ഗ്രസിലേക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കനയ്യ കുമാര്‍
national news
കോണ്‍ഗ്രസിലേക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കനയ്യ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th September 2021, 7:06 pm

ന്യൂദല്‍ഹി: സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കനയ്യ കുമാര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കനയ്യ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

‘ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരും. ഇപ്പോള്‍ ദല്‍ഹിയിലെത്തിയത് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനാണ്,’ കനയ്യ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

‘കോണ്‍ഗ്രസിനുള്ളിലെ സംഭവ വികാസത്തെക്കുറിച്ച് അറിയാവുന്ന ആളുകള്‍ പറയുന്നത്, അടുത്തകാലത്ത് രണ്ട് തവണ രാഹുല്‍ ഗാന്ധിയെ കനയ്യ കണ്ടിരുന്നു എന്നാണ്. രണ്ട് യോഗങ്ങളിലും പ്രശാന്ത് കിഷോര്‍ ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്, ”ബീഹാറില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്ന് കനയ്യ പറയുന്നു. കോണ്‍ഗ്രസ് നേതാവ് നദീം ജാവേദുമായി നടത്തിയത് സൗഹൃദസംഭാഷണമാണെന്നും കനയ്യ വിശദീകരിച്ചു.

‘ദല്‍ഹിയില്‍വെച്ച് നദീമിനൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു. നദീം എന്‍.എസ്.യു.ഐ മുന്‍ ദേശീയ പ്രസിഡന്റാണ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ്, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മുന്‍ ദേശീയ പ്രസിഡന്റാണ്. അദ്ദേഹം ഞങ്ങളൊരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു,’ കനയ്യ പറഞ്ഞു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പ്രശാന്ത് കിഷോറുമായി പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും കനയ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി കനയ്യ കുമാര്‍ നേതൃത്വവുമായി കടുത്ത അകല്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്ക്ക് ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃത്വം സീറ്റ് നല്‍കിയിരുന്നില്ല.

ഇതിനിടയില്‍ കനയ്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ പട്നയിലെ സി.പി.ഐ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കയ്യേറ്റം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ കനയ്യയെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ താക്കീത് ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും നടപടി പിന്‍വലിക്കണമെന്നും കനയ്യ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ തന്നെ കനയ്യയെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരായ പട്‌നയില്‍ കനയ്യ നടത്തിയ റാലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷെക്കീല്‍ അഹമ്മദ് ഖാനും അവധേഷ് സിംഗും പങ്കെടുത്തതോടെ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഇയര്‍ന്നിരുന്നു.

എന്നാല്‍ പൗരത്വ നിയമ പ്രതിഷേധങ്ങളുടെ ഭാഗമായാണ് അവര്‍ പങ്കെടുത്തതെന്നായിരുന്നു അന്ന് കനയ്യ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kanhaiya Kumar denies joining Congress, meets party leaders