ജലാലുദ്ദീന്‍ റൂമിയെ ശിവയാക്കി മാറ്റി, അയാന്‍ മുഖര്‍ജി മതവികാരം ചൂഷണം ചെയ്യുന്നു: കങ്കണ റണാവത്ത്
Film News
ജലാലുദ്ദീന്‍ റൂമിയെ ശിവയാക്കി മാറ്റി, അയാന്‍ മുഖര്‍ജി മതവികാരം ചൂഷണം ചെയ്യുന്നു: കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th September 2022, 11:54 am

ബ്രഹ്മാസ്ത്ര റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമ ദുരന്തമാണെന്നും സംവിധായകന്‍ അയാന്‍ മുഖര്‍ജി സൗത്ത് വേവിനേയും ഹിന്ദുയിസത്തേയും മുതലാക്കുകയാണെന്നും കങ്കണ പറഞ്ഞു.

ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് ജലാലുദ്ദീന്‍ റൂമി എന്നായിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ സിനിമകളുടെ വിജയം കണ്ടതിന് ശേഷം സംവിധായകന്‍ പേര് മാറ്റിയതാണെന്നും കങ്കണ ആരോപിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പരാമര്‍ശങ്ങള്‍.

‘കരണ്‍ ജോഹറിനെ പോലെയുള്ളവരുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടണം. സ്വന്തം സിനിമയുടെ സ്‌ക്രിപ്റ്റിനെക്കാളും മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തിലാണ് അയാള്‍ക്ക് താല്‍പര്യം.

പൈസ കൊടുത്താണ് റിവ്യൂവും റേറ്റിങ്ങും കളക്ഷന്‍ നമ്പര്‍ വാര്‍ത്തകളും വാങ്ങുന്നതെന്ന് അയാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തവണ ഹിന്ദുയിസത്തേയും തെന്നിന്ത്യന്‍ വേവിനേയും മുതലാക്കുകയാണ് കരണ്‍ ജോഹര്‍.

അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെയെല്ലാം പിടിച്ച് ജയിലില്‍ ഇടണം. അയാള്‍ 12 വര്‍ഷം കൊണ്ടാണ് ഈ സിനിമ നിര്‍മിച്ചത്. 14 തവണ ഡി.ഒ.പി മാറ്റി. 400 ദിവസം സിനിമ ഷൂട്ട് ചെ്തു. 85 പ്രാവിശ്യം അസിസ്റ്റന്റ് ഡയറക്ടര്‍മാരെ മാറ്റി. 600 കോടി ചാരമാക്കി.

മതവികാരത്തെ ചൂഷണം ചെയ്യാന്‍ ജലാലുദ്ദീന്‍ റൂമി എന്ന പേര് ശിവയാക്കി മാറ്റി. ബാഹുബലിയുടെ വിജയം കണ്ടാണ് അയാള്‍ പേര് മാറ്റിയത്. ഇങ്ങനെ സര്‍ഗാത്മകത ഇല്ലാത്ത അവസരവാദികളെ ജീനിയസ് എന്ന വിളിക്കുന്നത് പകലിനെ രാത്രിയെന്ന് വിളിക്കുന്നത് പോലെയും രാത്രിയെ പകലെന്ന് വിളിക്കുന്നത് പോലെയുമാണ്,’ കങ്കണ പറഞ്ഞു.

അതേസമയം തന്റെ അഭിപ്രായ പ്രകടനത്തിനൊപ്പം ഒരു പ്രമുഖ ട്രേഡ് അനലിസ്റ്റിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും കങ്കണ പങ്കുവെച്ചിരുന്നു. എന്നാല്‍ സുമിത് കദേല്‍ എന്ന നിരൂപകന്റേതെന്ന് വിചാരിച്ച് കങ്കണ ഷെയര്‍ ചെയ്തത് അയാളുടെ ഫേക്ക് അക്കൗണ്ടില്‍ നിന്നുമുള്ള സ്‌ക്രീന്‍ ഷോട്ടായിരുന്നു. ഇതിന് കങ്കണക്ക് കണക്കിന് ട്രോള്‍ ലഭിക്കുകയും ചെയ്തിരുന്നു.

Content Highlight: Kangana Ranaut says Jalaluddin Rumi turns  into Shiva, Ayan Mukerji exploits religious sentiment