ഇന്ദിരയായി കങ്കണ; എമര്‍ജന്‍സി ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment news
ഇന്ദിരയായി കങ്കണ; എമര്‍ജന്‍സി ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th July 2022, 12:01 pm

1975ലെ അടിയന്തരാവസ്ഥ കാലം അടിസ്ഥാനമാക്കി ബോളിവുഡ് സൂപ്പര്‍താരം കങ്കണ റണാവത് നായികയായി ചിത്രം വരുന്നു. എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നതും കങ്കണ തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഡിയോയും ഷൂട്ടിങ് തുടങ്ങിയ വിവരവും താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

2023ലാകും ചിത്രം റിലീസ് ചെയ്യുക. മണികര്‍ണി ഫിലിംസിന്റെ ബാനറില്‍ റീനു പിട്ടിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

എമര്‍ജന്‍സി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന  ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജന്‍സി.


അതേസമയം കങ്കണ നായികയായി ഒടുവില്‍ പുറത്തുവന്ന ധാക്കഡ് തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ബോക്‌സ്ഓഫീസില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമായിരുന്നു ധാക്കഡ്.

Content Highlight : Kangana Ranaut’s Emergency first look  poster released