രാംദേവിന്റെയും മോദിയുടെയും യോഗ കൊണ്ട് ചൈനീസ് ആക്രമണത്തെ തടയാന്‍ കഴിയുമോ?; മോദി സര്‍ക്കാരിന്റെ വെജിറ്റനേനിയനിസത്തെ പരസ്യമായി വിമര്‍ശിച്ച് കാഞ്ച ഐലയ്യ
kERALA NEWS
രാംദേവിന്റെയും മോദിയുടെയും യോഗ കൊണ്ട് ചൈനീസ് ആക്രമണത്തെ തടയാന്‍ കഴിയുമോ?; മോദി സര്‍ക്കാരിന്റെ വെജിറ്റനേനിയനിസത്തെ പരസ്യമായി വിമര്‍ശിച്ച് കാഞ്ച ഐലയ്യ
ന്യൂസ് ഡെസ്‌ക്
Sunday, 21st January 2018, 1:04 pm

കോഴിക്കോട്: “ഇന്ത്യയുടെ പ്രധാന വ്യായാമം യോഗയായിരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. യോഗ മാത്രം ചെയ്ത് ചൈനയോട് യുദ്ധം ചെയ്യാന്‍ കഴിയുമോ? യുദ്ധസമയത്ത് ഹിമാലയന്‍-ചൈന അതിര്‍ത്തിയില്‍ ചെന്നിരുന്ന് യോഗ ചെയ്യാന്‍ ബാബാ രാംദേവിനും മോദിക്കും സാധിക്കുമോ?” മോദിക്കെതിരെ വിമര്‍ശനവുമായി ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ.

എല്ലാത്തരം മാംസങ്ങളും കഴിച്ച് ഊര്‍ജസ്വലരായ ചൈനക്കാരെ തോല്‍പ്പിക്കാന്‍ മോദി നടത്തുന്ന വെജിറ്ററേനിയനിസം ക്യാംപയിന് കഴിയില്ലെന്ന് ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. നദി എഡിറ്റ് ചെയ്ത “മോഡിഫൈ ചെയ്യപ്പെടാത്തത് ” എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങിലാണ് മോദി സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

യോഗയും വെജിറ്ററേനിയനിസവും ഇന്ത്യയെ കൈയ്യടക്കിയാല്‍ ഉടന്‍ തന്നെ ചൈന ഇന്ത്യയെ കൈയ്യടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഇക്കാര്യത്തില്‍ കേരളം വളരെ പുരോഗമനപരമാണെന്നാണ് കാഞ്ച ഐലയ്യ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ എല്ലാ ഭാഗത്തും ഭക്ഷണത്തിന്റെ ബഹുസ്വരത നിലനില്‍ക്കുന്നു. ഗോപൂജക്കെതിരെയുള്ള പ്രതിരോധവും കേരളത്തെ രാജ്യത്തിനു മുന്നില്‍തന്നെ മാത്യകയാക്കുന്നു.

എന്നാല്‍ ഗുജറാത്തില്‍ പോയാല്‍ ഈ ബഹുസ്വരത സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയില്ല. ദാലും പച്ചക്കറിയുമല്ലാതെ ഒന്നും അവിടെ കിട്ടില്ല. അതുകൊണ്ടു തന്നെ ഗുജറാത്ത് മോഡലും, കേരളമോഡലും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്.

രാജ്യത്ത് ദളിതര്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനുവേണ്ടി പ്രതിരോധം നടത്തുന്നവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്.

ദളിതരും മറ്റ് പിന്നോക്കവിഭാഗക്കാരുമാണ് ഇന്ത്യയുടെ ദേശീയത മുറുകേപ്പിടിച്ചത്. എന്നാല്‍ ഇന്ന് അവരെ ദേശദ്രോഹികളായിട്ടാണ് മുദ്രകുത്തപ്പെടുന്നത്.രാജ്യത്ത് നിന്ന് ജാതിഭേദങ്ങള്‍ തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചയാളാണ് അംബേദ്കര്‍. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലരും തെറ്റായ രീതിയില്‍ വളച്ചൊടിക്കുന്നുവെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.