കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഡിസംബര്‍ രണ്ടിന്
Kerala
കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഡിസംബര്‍ രണ്ടിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 6:40 am

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വ) നടക്കും. വിദേശത്തുള്ള മകന്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.

തിങ്കളാഴ്ച സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം.

കഴിഞ്ഞ കുറച്ചുനാളുകളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല (59) ഇന്നലെ (ശനി) രാത്രിയോടെയാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ ജമീല തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2021ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയില്‍ എത്തിയത്. അധ്യാപികയായിരുന്ന കാനത്തില്‍ ജമീല 1995ലാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്.

കാനത്തില്‍ ജമീലയുടെ മരണത്തില്‍ നേതാക്കള്‍ അനുശോചനം അറിയിച്ചു.

‘കാനത്തില്‍ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തില്‍ ജമീല. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. ലാളിത്യമാര്‍ന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. കാനത്തില്‍ ജമീലയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.

‘കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സഹോദര നിര്‍വിശേഷമായ സ്‌നേഹത്തോടുകൂടി എല്ലാവരോടും പെരുമാറിപ്പോന്ന സ്‌നേഹസമ്പന്നയായ ജനപ്രതിനിധിയായിരുന്നു കാനത്തില്‍ ജമീല. വിപ്ലവ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ജമീല വളരെ ആത്മാര്‍ത്ഥതയോടെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ എല്ലാ രംഗത്തും ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു,’ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

‘കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് ആദരാഞ്ജലികള്‍. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഞാന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആ കാലത്ത് തുടങ്ങിയ വ്യക്തി ബന്ധമാണ്. കാനത്തില്‍ ജമീലയുടെ നിര്യാണം വ്യക്തിപരമായി മാത്രമല്ല കേരള രാഷ്ട്രീയത്തിന് തന്നെ ഒരു നഷ്ടമാണ്,’ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.

‘പ്രിയപ്പെട്ട കാനത്തില്‍ ജമീല നമ്മെ വിട്ടു പിരിഞ്ഞു. മനസിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എനിക്ക് ഏറെ ഇഷ്ടമുള്ള സഹോദരിയും സഖാവുമൊക്കെയായിരുന്നു ജമീല. അസുഖം തിരിച്ചറിഞ്ഞപ്പോഴും അതിനെ അതിജീവിച്ച് തിരിച്ചുവരാന്‍ കഴിയുമെന്ന് ജമീലയെ ആശ്വസിപ്പിച്ചു. എല്ലാവരും ഇഷ്ടപ്പെടുന്ന നേതാവും ജനപ്രതിനിധിയുമായിരുന്നു കാനത്തില്‍ ജമീല. പ്രിയ സഖാവെ ആയിരക്കണക്കിന്
മനുഷ്യരുടെ മനസില്‍ നിന്ന് താങ്കളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും മാഞ്ഞു പോകില്ല,’ മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.കെ. ശൈലജ പ്രതികരിച്ചു.

Content Highlight: Kanathil Jameela’s funeral in will be held on December 2nd