സംഭാജിയെ തീര്‍ത്ത് ഗുളികന്‍, സീന്‍ തൂക്കി കാന്താര ചാപ്റ്റര്‍ വണ്‍
Indian Cinema
സംഭാജിയെ തീര്‍ത്ത് ഗുളികന്‍, സീന്‍ തൂക്കി കാന്താര ചാപ്റ്റര്‍ വണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 3:39 pm

ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 818 കോടിയാണ് ചിത്രം നേടിയത്. ബോളിവുഡിനെ വെട്ടി ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ കന്നഡ ഇന്‍ഡസ്ട്രി സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം തവണയാണ് ഒരു കന്നഡ ചിത്രം ഇന്ത്യയില്‍ ഇയര്‍ ടോപ്പറാകുന്നത്.

ബോളിവുഡില്‍ ഈ വര്‍ഷം ഗംഭീര വിജയം നേടിയ ഛാവായെ മറികടന്നാണ് കാന്താര ഒന്നാമതെത്തിയത്. 808 കോടി നേടിയ ഛാവായെ മൂന്നാഴ്ചക്കുള്ളിലാണ് കാന്താര മറികടന്നത്. ഈ വര്‍ഷം ഇനി ബ്രഹ്‌മാണ്ഡ റിലീസുകളൊന്നും ഇല്ലാത്തതിനാല്‍ കാന്താര തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുമെന്നാണ് കരുതുന്നത്.

വന്‍ ഹൈപ്പിലെത്തിയ പല സിനിമകള്‍ക്കും സാധിക്കാത്ത കാര്യമാണ് കാന്താര സാധിച്ചത്. തെലുങ്ക് ചിത്രങ്ങളായ ഹരിഹര വീരമല്ലു, ഒ.ജി, തമിഴ് സിനിമകളായ കൂലി, തഗ് ലൈഫ് എന്നീ സിനിമകളിലൊന്ന് ഇയര്‍ ടോപ്പറാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തകര്‍ത്ത് ഗുളികനും പഞ്ചുരുളിയും ഇപ്പോള്‍ ബോക്‌സ് ഓഫീസ് ഭരിക്കുകയാണ്.

ഇന്ത്യന്‍ ഇയര്‍ ടോപ്പര്‍ മാത്രമല്ല, പല ബോക്‌സ് ഓഫീസ് റെക്കോഡുകളും കാന്താരക്ക് മുന്നില്‍ തകര്‍ന്നുവീണിട്ടുണ്ട്. ബാഹുബലി, കെ.ജി.എഫ് 2 എന്നീ സിനിമകള്‍ക്ക് ശേഷം കേരള, കര്‍ണാടക, ആന്ധ്ര/ തെലങ്കാന, നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്ന് 50 കോടി നേടുന്ന ചിത്രം, കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രം എന്നീ നേട്ടങ്ങള്‍ കാന്താര ചാപ്റ്റര്‍ വണ്‍ സ്വന്തമാക്കി.

120 കോടി ബജറ്റിലെത്തിയ ചിത്രം കന്നഡയിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. കാന്താരയുടെ ആദ്യ ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ആദ്യഭാഗം 400 കോടിയിലധികം നേടിയപ്പോള്‍ രണ്ടാം ഭാഗം അതിന്റെ ഇരട്ടി കളക്ഷനാണ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യ 1000 കോടി ചിത്രമായി കാന്താര ചാപ്റ്റര്‍ വണ്‍ മാറുമോ എന്നാണ് സിനിമാലോകം നോക്കിക്കാണുന്നത്.

ആദ്യ ഭാഗത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. ആദ്യ ഭാഗത്തിന്റെ കഥ നടക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടക്കുന്ന കഥയാണ് ചാപ്റ്റര്‍ വണ്ണിന്റേത്. റിഷബ് ഷെട്ടിക്ക് പുറമെ ജയറാം, ഗുല്‍ഷന്‍ ദേവയ്യ, രുക്മിണി വസന്ത് എന്നിവരും ചാപ്റ്റര്‍ വണ്ണിന്റെ ഭാഗമായിട്ടുണ്ട്. മൂന്നാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.

Content Highlight: Kanatara Chapter one became the highest grosser of 2025 by beating Chhaava