നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം സർവ്വം മായ റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. നിവിൻ പോളിയുടെ കംബാക്ക് പ്രകടനവും ഹ്യൂമർ ഹൊറർ എലെമെന്റുകളും ഒരുപോലെ കയ്യടി നേടുമ്പോൾ ചിത്രത്തിൽ അപ്രതീക്ഷിത ശ്രദ്ധ നേടുന്നത് ചെറിയ ഒരു സീനിലാണെങ്കിലും കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യമാണ്.
നിവിനും അജുവും പൂജ നടത്താൻ എത്തുന്ന വീട്ടിലെ അംഗങ്ങളായി കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ ഭാര്യയും എത്തുന്ന സീനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, Photo: YouTube/Screen grab
ഒരു സെക്കന്റ് മാത്രം മിന്നി മറഞ്ഞ കാണിപ്പയ്യൂരിനെ സിനിമ കണ്ട ഓരോ പ്രേക്ഷകരും ഒന്ന് ശ്രദ്ധിക്കുകയും കാണിപ്പയ്യൂരല്ലേ അത് ? എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
ഈ രംഗത്തെക്കുറിച്ച് അജു വർഗീസ് മുൻപ് പേർളി മാണി ഷോയിൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഭാര്യയുടെയും സാന്നിധ്യത്തിൽ പൂജാ കർമ്മങ്ങൾ ചെയ്യാൻ തനിക്ക് അവസരം ലഭിച്ചുവെന്നത് തന്റെ അഭിനയജീവിതത്തിലെ പ്രത്യേക അനുഭവമായിരുന്നുവെന്ന് അജു പറഞ്ഞിരുന്നു.
‘പൂജാ കർമ്മങ്ങൾ എല്ലാം അതിന്റെതായ രീതിയിൽ തന്നെ ചെയ്തു. അതിനായി സെറ്റിൽ പ്രത്യേകം ഒരു പൂജാരിയുമുണ്ടായിരുന്നു. എന്ത് കാര്യത്തിനായാണോ പൂജ ചെയ്യുന്നത്, അതിന് ആവശ്യമായ മന്ത്രങ്ങളും ക്രമങ്ങളുമാണ് സിനിമയിലും ഉപയോഗിച്ചത്.
ഭാവിയിൽ ആർക്കും അതിലൂടെ ബുദ്ധിമുട്ടുണ്ടാകരുതെന്നത് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അതിൽ ഏറ്റവും സന്തോഷമുള്ള കാര്യം കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഭാര്യയുടെയും മുൻപിൽ വെച്ച് പൂജ ചെയ്യാൻ കഴിഞ്ഞതാണ്,’ എന്നായിരുന്നു അജുവിന്റെ വാക്കുകൾ.
അതേസമയം, കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയകാലത്ത് സൈബറിടത്ത് വലിയ ട്രോളുകളും കാണിപ്പയ്യൂരിനെതിരെ ഉയർന്നിരുന്നു.
വിഷുഫല വീഡിയോയിൽ അദ്ദേഹം നടത്തിയ മഴ പ്രവചനങ്ങളാണ് അന്ന് ട്രോളന്മാർ ഏറ്റുപിടിച്ചത്. ജൂൺ 25 മുതൽ ജൂലൈ 4 വരെ ശക്തമായ മഴയും, ജൂലൈ 17 മുതൽ ഓഗസ്റ്റ് 1 വരെ മഴ കുറവായിരിക്കും എന്നുമായിരുന്നു കാണിപ്പയ്യൂരിന്റെ പ്രവചനം.
എന്നാൽ അതേ വർഷം സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും ഉണ്ടായതോടെയാണ് ഈ പ്രവചനങ്ങൾ സോഷ്യൽ മീഡിയ ട്രോളുകളുടെ വിഷയമായത്.
ഒരു സീനിലാണെങ്കിലും സർവ്വം മായയിൽ കാണിപ്പയ്യൂരിന്റെ പ്രസൻസിനെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
Content Highlight: Kanappayyur’s presence in the movie Sarvam Maya has become a topic of discussion on social media.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.