മാതൃഭൂമി പത്രത്തിനകത്തെ കാര്യങ്ങള്‍ സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്നു; ശബരിമലയില്‍ നടത്തിയത് ചങ്ങാത്ത ജേര്‍ണലിസം : കമല്‍റാം സജീവ്
Kerala News
മാതൃഭൂമി പത്രത്തിനകത്തെ കാര്യങ്ങള്‍ സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്നു; ശബരിമലയില്‍ നടത്തിയത് ചങ്ങാത്ത ജേര്‍ണലിസം : കമല്‍റാം സജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 9:52 pm

കോഴിക്കോട്: മാതൃഭൂമിയുടെ സംഘപരിവാര്‍ വിധേയത്വത്തെ തുറന്ന് കാണിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ആഴ്ച്ചപതിപ്പ് എഡിറ്ററുമായ കമല്‍ റാം സജീവ്. ഡി.സി ബുക്‌സിന്റെ പച്ചക്കുതിരക്ക് നല്‍കിയ അഭിമുഖത്തിലാണ് “മീശ” വിവാദം , ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമി എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചത്.

പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നു. അത്തരം അതി തീവ്ര ഗ്രൂപ്പുകള്‍ക്ക് വിധേയരായി തീരുമാനമെടുത്താല്‍ പല വിധ സമ്മര്‍ദ്ദം കൊണ്ട് എഡിറ്റര്‍മാരെ മാറ്റേണ്ടിവരും. ഉള്ളിലെ കാര്യങ്ങളില്‍ പോലും അവര്‍ ഇടപെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതിന് തുടക്കമിടുകയാണ് മീശ സംഭവം അഭിമുഖത്തില്‍ കമല്‍റാം പറയുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ വാദ അത് സമൂഹത്തെ ധ്രുവീകരിക്കുന്ന പ്രവൃത്തിയായി മാറും- ക്രോണി കാപ്പിറ്റലിസം എന്നതു പോലെ “ചങ്ങാത്ത ജേര്‍ണലിസ”മാണ് മാതൃഭൂമിയും ശബരിമലയില്‍ നടത്തിയതെന്നും കമല്‍ റാം വിശദീകരിക്കുന്നു.

Also Read:  പുതുതായി ഒരിടത്തു പോലും നിപ വൈറസ് കണ്ടെത്തിയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ശൈലജ

പിണറായി വിജയന്‍ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവര്‍ഷം നിശ്ചലമാക്കിവയ്ക്കുന്നതില്‍ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചതെന്ന് കമല്‍ റാം തുറന്നടിച്ചു. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രുവെന്നും ആദ്ദേഹം കൂട്ടിചേര്‍ത്തു.

സംഘപരിവാറിന്റെ സമ്മര്‍ദ്ദം മൂലം കാരണം കാണിക്കല്‍ നോട്ടീസുകള്‍ പല തവണ കിട്ടി. മീശ പ്രശ്നത്തില്‍ മാനേജ്മെന്റ് എന്നെ ഓരോ ദിവസവും വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും കമല്‍ റാം പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

അതിതീവ്ര ഹൈന്ദവ സംഘങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനുമേല്‍ ഇത്ര അവിഹിതമായ സമ്മര്‍ദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തപ്പോള്‍ തന്നെ അത് മികച്ച നോവലാണെന്ന് തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങള്‍ വന്നപ്പോള്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. പിന്നീട് രണ്ടാമത്തെ അധ്യായത്തിലെ ഒരു ഭാഗം എടുത്ത് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ എവിടെനിന്ന് സംഭവിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ട്. അതില്‍ ദുരൂഹതയുണ്ട്.

ഓഫീസിനു നേരെ നടന്ന പ്രകടനത്തില്‍ നാല് സ്ത്രീകളും ലൗഡ് സ്പീക്കര്‍ പിടിച്ചു കൊടുക്കാന്‍ ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെതിരെ ചെറുത്ത് നില്‍പ്പൊന്നുമുണ്ടായില്ല. ആവിഷ്‌കാര സ്വാതന്ത്രത്യത്തിന്റെ കാര്യത്തില്‍ എടുക്കേണ്ട ശക്തമായ നിലപാടുണ്ടായിരുന്നു. അതിലൂടെ തുടക്കത്തിലേ ഇത് നേരിടാമായിരുന്നു, എന്നാല്‍ നോവലിസ്റ്റിന് അത്തരത്തില്‍ പിന്തുണച്ചില്ല എന്നത് വലിയൊരു ദുരന്തമായി ഞാന്‍ കാണുന്നു. ഇത് ഹരീഷില്‍ വലിയൊരു സമ്മര്‍ദ്ദം ഉണ്ടാക്കിയിരിക്കണം എന്നും വിചാരിക്കുന്നു.

Also Read:  യോഗി ആദിത്യനാഥിന്റെ മുസ്‌ലീം വിരുദ്ധ പ്രസ്താവന വേദനിപ്പിച്ചു; ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍

മാനേജ്‌മെന്റിന്റെ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത് എഡിറ്ററോ,  എഡിറ്ററും ഹരീഷുമോ കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് പ്രസിദ്ധീകരണം നിര്‍ത്തണമെന്നായിരുന്നു. ഹരീഷോ പത്രാധിപ സമിതിയോ മാപ്പ് പറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട് . പക്ഷേ കുടുംബത്തിനുനേരെ വരെയുള്ള ആക്രമണങ്ങള്‍ നേരിടാന്‍ കരുത്തില്ലെന്ന് പറഞ്ഞ ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.നോവല്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനം ്‌നിലക്ക് ഹരീഷിന് വേണ്ടത്ര പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല.

വിശാലമായ മതനിരപേക്ഷ ഹിന്ദു ഭുരിപക്ഷമുള്ള സ്ഥലമാണ് കേരളം . അതോടൊപ്പം ജാതി മത ലിംഗഭേദമില്ലാതെ പുരോഗമന പക്ഷത്ത് നില്‍ക്കുന്നവരും ചേര്‍ന്നതാണ് യഥാര്‍ത്ഥ വായനക്കാര്‍. കാലാകാലങ്ങളായി മതനിരപേക്ഷമായ ഒരു ഹിന്ദു സമൂഹം, ഇടത് പക്ഷത്തോട് അടുപ്പമുള്ള വിഭാഗം ഇവരൊക്കെ ക്രമേണ ഒലിച്ചു പോയി. പകരം പരസ്യം പോലും നല്‍കേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഈ അതിതീവ്ര ഗ്രൂപ്പുകള്‍ക്ക് കഴിയുന്ന അവസ്ഥ വന്നു. ഇവിടെ പരസ്യം നല്‍കുന്നവരെ സ്വാധീനിച്ച് തീവ്ര സംഘടനകള്‍ പരസ്യം മുടക്കുകയാണ്. പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നു. അത്തരം അതി തീവ്ര ഗ്രൂപ്പുകള്‍ക്ക് വിധേയരായി തീരുമാനമെടുത്താല്‍ പല വിധ സമ്മര്‍ദ്ദം കൊണ്ട് എഡിറ്റര്‍മാരെ മാറ്റേണ്ടിവരും. ഉള്ളിലെ കാര്യങ്ങളില്‍ പോലും അവര്‍ ഇടപെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതിന് തുടക്കമിടുകയാണ് മീശ സംഭവം.

“മാതൃഭൂമിയുടെ ഹിന്ദു സെക്കുലര്‍ വായനാ സമൂഹത്തില്‍ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ കഴിയുക എന്നവര്‍ക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ, ഇന്ത്യയില്‍ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. സ്ഥാപനത്തെത്തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അക്രമി സംഘമാണ് ഞങ്ങളുടെ വായനക്കാരെന്ന് തെറ്റിദ്ധരിക്കുകയാണ്.

പിണറായി വിജയന്‍ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവര്‍ഷം നിശ്ചലമാക്കിവയ്ക്കുന്നതില്‍ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രു. നേരത്തേ സി.പി.ഐ.എം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍, ഇന്ന് ഭരണഘടനയുടെ കാവലാള്‍ കൂടിയായ മുഖ്യമന്ത്രി എന്ന നിലയിലാണെന്ന് മാത്രം. സൂക്ഷ്മതലത്തില്‍ പത്രം നില്‍ക്കുന്നത് പിണറായി വിജയന്‍ ശത്രു എന്ന സ്‌പേസില്‍ തന്നെയാണ്. ശബരിമല വിഷയത്തില്‍ അടക്കം റാഷനല്‍ ആയ വാദങ്ങള്‍ക്ക് പത്രം ഒരിക്കലും സ്‌പേസ് കൊടുക്കുന്നില്ല, പകരം ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളുടെ വാദങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സ്‌പേസ് കൊടുക്കുമ്പോള്‍ അത് സമൂഹത്തെ ധ്രുവീകരിക്കുന്ന പ്രവൃത്തിയായി മാറും- ക്രോണി കാപ്പിറ്റലിസം എന്നതു പോലെ “ചങ്ങാത്ത ജേര്‍ണലിസ”മാണ് മാതൃഭൂമിയും ശബരിമലയില്‍ നടത്തിയതെന്ന് അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു.

15 വര്‍ഷത്തിനിടയ്ക്ക് സംഘപരിവാറുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസുകള്‍ പല തവണ കിട്ടി. ഉണ്ണി ആര്‍ എഴുതിയ “താന്‍ ആര്‍.എസ്.എസ്‌കാരനാണ് എന്തുകൊണ്ട് അതില്‍ ദുഃഖിക്കുന്നു” എന്ന കവര്‍ സ്റ്റോറി, സക്കറിയയുടെ “സത്നാം സിങിന്റെ രക്തം” എന്ന ലേഖനം എന്നിവയുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി.

മീശ പ്രശ്നത്തില്‍ മാനേജ്മെന്റ് എന്നെ ഓരോ ദിവസവും വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമ്മര്‍ദ്ദം ഹരീഷടക്കമുള്ള ആരിലേയ്ക്കും ഞാന്‍ പകര്‍ന്നില്ല. മോദി “ഓറ”യില്‍ മുങ്ങിപ്പോയ പത്രപ്രവര്‍ത്തനമാണ് മാതൃഭൂമിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.

പത്രമാണ് നടത്തുന്നതെന്നും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട റോ മെറ്റീരിയല്‍ ഉള്ളടക്കമാണെന്നും ബോധ്യമില്ലാത്തവരുമാണ് മാനേജ്‌മെന്റെങ്കില്‍ എപ്പോഴും ചാഞ്ചാടി കൊണ്ടിരിക്കും.പേടിച്ചുകൊണ്ടിരിക്കും. ഇത്തരം സംഘങ്ങളാണ് ഞങ്ങളുെട വായനക്കാരാണ് എന്ന് കരുതിക്കൊണ്ടിരിക്കും.