കഥാപാത്രത്തിലേക്കുള്ള ആ നടിയുടെ പരകായപ്രവേശം പോലെ മറ്റൊരു നടിയിലും കണ്ടിട്ടില്ല: കമല്‍
Malayalam Cinema
കഥാപാത്രത്തിലേക്കുള്ള ആ നടിയുടെ പരകായപ്രവേശം പോലെ മറ്റൊരു നടിയിലും കണ്ടിട്ടില്ല: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 10:57 pm

നടി മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. മഞ്ജു വാര്യര്‍ അഭിനയിച്ച സല്ലാപം എന്ന സിനിമ കണ്ടതിന് ശേഷം ഈ പുഴയും കടന്ന് എന്ന തന്റെ ചിത്രത്തിലേക്ക് മറ്റൊരു നടിയുടെയും മുഖം വന്നിട്ടില്ലെന്ന് കമല്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഷം 1996, അതിന് മുമ്പ് ഒരുപാട് നായികമാരുടെ കൂടെ ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സല്ലാപം എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരേയൊരു നായിക മാത്രമായിരുന്നു എന്റെ മനസില്‍. ആദ്യസിനിമയില്‍ തന്നെ വിസ്മയിപ്പിച്ച ആ പെണ്‍കുട്ടിയുടെ പേര് മഞ്ജു വാര്യര്‍ എന്നായിരുന്നു.

അധികം കാത്തിരിക്കേണ്ടിവന്നില്ല, എന്റെ അടുത്ത സിനിമയായ ഈ പുഴയും കടന്നില്‍ ആ മിടുക്കിയെ നായികയാക്കാന്‍ തീരുമാനിച്ചു. മഞ്ജു നായികയായ സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുകയാണ്. ഈ പുഴയും കടന്ന് എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു.

സെറ്റിലെത്തി, കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍തന്നെ മഞ്ജു സമ്മതം മൂളി. അങ്ങനെ തന്റെ 18-ാംവയസില്‍ ഈ പുഴയും കടന്ന് എന്ന സിനിമയില്‍ മഞ്ജു അഭിനയിക്കാനെത്തി. ഷോട്ടിന് മുന്നോടിയായി കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍ മഞ്ജു ഒന്നും ശ്രദ്ധിക്കാത്തതുപോലെ എനിക്ക് തോന്നി.

സിനിമയെ ഈ കുട്ടി സീരിയസായി എടുക്കുന്നില്ലേ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷേ, സ്റ്റാര്‍ട്ട് ആക്ഷന്‍ എന്ന് പറഞ്ഞ് ക്ലാപ്പ് അടിച്ചപ്പോള്‍ അത്ഭുതപ്പെടുത്തുന്ന പരകായപ്രവേശം ഞാന്‍ കണ്ടു. അത്തരമൊരു മാജിക് മറ്റൊരു നടിയിലും അതിന് മുമ്പ് കണ്ടിരുന്നില്ല.

Content Highlight: Kamal Talks About Manju Warrier