| Monday, 3rd March 2025, 8:24 am

ഷൂട്ടിങ് പ്ലാന്‍ ചെയ്ത് സെറ്റുള്‍പ്പെടെ ഇട്ടതിന് ശേഷം വിദ്യ ബാലന്‍ ആ സിനിമയില്‍ നിന്ന് പിന്മാറി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആമി. കമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തിയത് മഞ്ജു വാര്യര്‍ ആയിരുന്നു.

മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോന്‍, ആനന്ദ് ബാല്‍ എന്നിവരും ആമിയില്‍ അഭിനയിച്ചിരുന്നു. ചിത്രം രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെങ്കിലും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയമായിരുന്നില്ല ആമിക്ക് ലഭിച്ചത്.

ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആമിയെ കുറിച്ചും വിദ്യ ബാലന് പകരമായി മഞ്ജു വാര്യര്‍ എത്തിയതിനെ കുറിച്ചും പറയുകയാണ് കമല്‍. ഷൂട്ടിങ് പ്ലാന്‍ ചെയ്ത് സെറ്റ് ഉള്‍പ്പെടെ ഇട്ടതിന് ശേഷമാണ് വിദ്യ ബാലന്‍ പെട്ടെന്ന് ആ സിനിമയില്‍ നിന്ന് മാറുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. അവസാന നിമിഷമാണ് മഞ്ജു വാര്യര്‍ വരുന്നതെന്നും അവര്‍ വന്നപ്പോള്‍ കുറേ ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

‘തുടക്കത്തില്‍ മാധവിക്കുട്ടിയായി അഭിനയിക്കേണ്ടിയിരുന്നത് വിദ്യ ബാലനായിരുന്നു. അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. പിന്നെ ചില രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ അവസാന നിമിഷം മാറുകയായിരുന്നു. ആദ്യം ഷൂട്ടിങ് പ്ലാന്‍ ചെയ്തിട്ട് എല്ലാം റെഡിയായി സെറ്റ് ഉള്‍പ്പെടെ ഇട്ടതിന് ശേഷമാണ് അവര്‍ പെട്ടെന്ന് ആ സിനിമയില്‍ നിന്ന് മാറുന്നത്.

അതോടെ ഞങ്ങള്‍ക്ക് ആകെ കൂടെ വല്ലാത്ത ഒരു സിറ്റുവേഷനായി. അവസാന നിമിഷമാണ് മഞ്ജു വാര്യര്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കുറേ ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഇമേജ് വിദ്യ ബാലന്റെ ഇമേജായിരുന്നില്ല. അപ്പോള്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു ആശങ്ക വന്നു.

സിനിമ വന്നപ്പോള്‍ വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ ആയേനെ മഞ്ജു വാര്യര്‍ വന്നപ്പോള്‍ അത് ശരിയായില്ല എന്നൊക്കെയുള്ള തോന്നലുകള്‍ ആളുകള്‍ക്ക് ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അത് അങ്ങനെ മഞ്ജു വാര്യര്‍ വന്നപ്പോള്‍ മോശമായി എന്നൊരു അഭിപ്രായമില്ല. ഭാഷയൊക്കെ അവര്‍ മാക്‌സിമം നന്നാക്കാന്‍ ശ്രമിച്ചിരുന്നു.

വിദ്യ ബാലന്‍ ആയിരുന്നു നായികയായി എത്തുന്നതെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നേനെ. കാരണം അവര്‍ക്ക് മലയാളം പറയാന്‍ പറ്റില്ലല്ലോ.

പിന്നെ ആളുകള്‍ പറയുന്നത് പോലെ അവരുടെ മനസിലെ മാധവിക്കുട്ടി ആയില്ലെന്ന് പറഞ്ഞിട്ട് എനിക്ക് അവരുടെ മനസിലെ മാധവിക്കുട്ടിയെ സിനിമയില്‍ എടുക്കാന്‍ പറ്റില്ലല്ലോ. ആ സിനിമയില്‍ ഞാന്‍ ഹാപ്പിയാണ്,’ കമല്‍ പറയുന്നു.

Content Highlight: Kamal Talks About Aami Movie And Vidhya Balan

We use cookies to give you the best possible experience. Learn more