മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി; കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
World News
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി; കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 1:19 pm

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനോട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കമല്‍നാഥ് ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കാണുകയും രാജി സമര്‍പ്പിക്കുമെന്നുമാണ് സൂചന.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ 163 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതിന് പിന്നാലെ കമല്‍ നാഥിനെതിരെ പാര്‍ട്ടിക്കകത്തു നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യാ സഖ്യത്തിലെ പല നേതാക്കള്‍ക്കെതിരെയും കമല്‍നാഥ് നടത്തിയ പ്രസ്താവനകളില്‍ കേന്ദ്രനേതൃത്വം അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീറ്റ് വിഭജന ചര്‍ച്ചകളുടെ സമയത്ത് ഇന്ത്യാ സഖ്യത്തിലെ പങ്കാളിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ട സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ ആറ് സീറ്റുകള്‍ നല്‍കാന്‍ കമല്‍നാഥ് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്ത് വരികയും എസ്.പി – കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തു. ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറും കമല്‍നാഥിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മധ്യപ്രദേശില്‍ ഒരു സീറ്റു മാത്രമാണ് നല്‍കിയത്.

കമല്‍ നാഥിന്റെ അമിത ആത്മവിശ്വാസമാണ് തോല്‍വിയിലേക്ക് നയിച്ചത് പ്രധാന കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വം വിശ്വസിക്കുന്നു. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനും കോണ്‍ഗ്രസിനായില്ല. ബി.ജെ.പിക്കെതിരെ പാര്‍ട്ടി വന്‍ പ്രതിഷേധം നടത്തിയില്ല. കോണ്‍ഗ്രസ് നടത്തിയ പൊതുയോഗങ്ങളുടെയും റാലികളുടെയും എണ്ണം ബി.ജെ.പിയുടെ പകുതിമാത്രമാണ്. ഇതെല്ലാം പരാജയത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നു.

2024ന് മുന്‍പ് കോണ്‍ഗ്രസിന് പുതിയ നേത്യത്വം വേണമെന്ന ആവശ്യം ശക്തമാകുന്നതിനാല്‍ കമല്‍നാഥ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നത്.

content highlight : Kamal Nath to meet Mallikarjun Kharge, may resign as MP Congress chief Report