ഷാറൂഖ് 'ഹേ റാം' ചെയ്തത് ഒരു റിസ്റ്റ് വാച്ച് മാത്രം പ്രതിഫലം വാങ്ങിയാണ്: കമല്‍ഹാസന്‍
Entertainment news
ഷാറൂഖ് 'ഹേ റാം' ചെയ്തത് ഒരു റിസ്റ്റ് വാച്ച് മാത്രം പ്രതിഫലം വാങ്ങിയാണ്: കമല്‍ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 5:21 pm

വിക്രമിലെ അതിഥി വേഷത്തിന് സൂര്യയ്ക്കു സമ്മാനമായി കമല്‍ ഹാസന്‍ റോളെക്‌സ് വാച്ച് കൊടുക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാച്ച് സമ്മാനമായി സൂര്യക്ക് കൊടുത്ത ചിത്രങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കമല്‍ ഹാസന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു താരത്തിന് വാച്ച് നല്‍കിയ കഥയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കളേഴ്സ് സിനിപ്ലക്സിന് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് കമല്‍ ഹാസന്‍ മറ്റൊരാള്‍ക്ക് റിസ്റ്റ് വാച്ച് സമ്മാനം നല്‍കിയ കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കമല്‍ഹാസന്‍ പറയുന്നത് ഇങ്ങനെ

‘ഇനി ഞാന്‍ പറയുന്ന കാര്യം ആരും വിശ്വസിക്കില്ല, ഇതൊരു കഥയാണെന്ന് നിങ്ങള്‍ എല്ലാവരും കരുതും. ഒരു റിസ്റ്റ് വാച്ച് മാത്രം പ്രതിഫലം മേടിച്ച് ഒരു സിനിമ ചെയ്ത നടനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഒരുപാട് തവണ പല അഭിമുഖങ്ങളിലായി ആ നടന്‍ പറയുകയുണ്ടായി, അദ്ദേഹത്തിന് എന്റെ സിനിമകളുടെ സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന്. അങ്ങനെ ആണ് ഹേ റാം സിനിമയിലേക്ക് അദ്ദേഹം വരുന്നത്. ഷാറൂഖ് ഖാന്‍ ആണ് ആ നടന്‍. ഹേ റാമിന്റെ ബജറ്റ് പല കാരണങ്ങളാല്‍ കൂടിയപ്പോള്‍ പോലും അദ്ദേഹം എന്നോട് പ്രതിഫലം പോലും ചോദിച്ചിട്ടില്ല. ഞാന്‍ പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അത് കുഴപ്പമില്ല’ എന്നാണ്.

അങ്ങനെ ആ ചിത്രം സംഭവിച്ചു. പ്രതിഫലം വാങ്ങാതെ ആ സിനിമ അദ്ദേഹം ചെയ്തു. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തിന് ഒരു റിസ്റ്റ് വാച്ച് സമ്മാനിച്ചിരുന്നു. ഒരു റിസ്റ്റ് വാച്ചിന് വേണ്ടിയാണ് അദ്ദേഹം സിനിമ ചെയ്തത് എന്ന് വേണമെങ്കില്‍ അലങ്കാരികമായി പറയാം.’

2000ത്തിലാണ് കമല്‍ഹാസന്‍ സംവിധാനം ചെയ്ത ഹേ റാം റിലീസാകുന്നത്. സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം പക്ഷെ വന്‍ നിരൂപക പ്രശംസയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രം.

കമല്‍ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight : Kamal Hasan Says that Sharukh khan Acted in Hey Ram Movie for a watch