'ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്'; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍
Entertainment news
'ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്'; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്‍ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th July 2022, 12:06 pm

ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരുന്നു ട്രെയ്‌ലര്‍ സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന വാചകത്തോടെയാണ് കമല്‍ഹാസന്‍ ആശംസ കുറിപ്പ് തുടങ്ങുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇരുവരും വിക്രത്തില്‍ ഒന്നിച്ചിരുന്നു. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു. എന്തായാലും കമല്‍ഹാസന്റെ ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.


എ.ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.

Content Highlight : Kamal Haasan tweet best wishes for Malayankunj