രജിനിക്ക് ഇഷ്ടമാകുന്നത് വരെ കഥകള്‍ കേട്ടുകൊണ്ടിരിക്കും, നിര്‍മാതാവെന്ന നിലയില്‍ അതാണ് എന്റെ ചുമതല: കമല്‍ ഹാസന്‍
Indian Cinema
രജിനിക്ക് ഇഷ്ടമാകുന്നത് വരെ കഥകള്‍ കേട്ടുകൊണ്ടിരിക്കും, നിര്‍മാതാവെന്ന നിലയില്‍ അതാണ് എന്റെ ചുമതല: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th November 2025, 2:57 pm

തലൈവര്‍ 173യില്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കമല്‍ ഹാസന്‍. അദ്ദേഹം പിന്മാറുകയാണെന്ന് പറഞ്ഞുകൊണ്ട് തങ്ങള്‍ക്ക് മെയില്‍ അയച്ചെന്നും പകരം സംവിധായകനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇനി സുന്ദര്‍ സിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറാണ്. എന്റെ സ്റ്റാറിന് ഇഷ്ടമാകുന്ന തരത്തില്‍ ഒരു കഥ ലഭിച്ചാല്‍ മാത്രമേ ഈ പ്രൊജക്ട് ചെയ്ത് തുടങ്ങുകയുള്ളൂ. ഇതാണ് എന്റെ അഭിപ്രായം. കാരണം, ഞാന്‍ നിര്‍മിക്കുന്ന സിനിമയിലെ നായകന് കഥ ഇഷ്ടമായെങ്കില്‍ മാത്രമേ അത് ചെയ്തിട്ട് കാര്യമുള്ളൂ.

രജിനിയുടെ അഭിപ്രായവും ഇതുതന്നെയാണ്. അദ്ദേഹം ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. അതില്‍ പലതും എന്നോട് പങ്കുവെക്കുന്നുണ്ട്. നല്ല കഥ ലഭിക്കുന്നതുവരെ ഞങ്ങളുടെ അന്വേഷണം തുടരും. പുതിയ സംവിധായകര്‍ക്കും അവസരം നല്കുന്നുണ്ട്. കഥ നല്ലതായിരിക്കണമെന്ന് മാത്രമേ പറയാനുള്ളൂ. അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും പറ്റുന്ന കഥയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്’ കമല്‍ ഹാസന്‍ പറഞ്ഞു.

40 വര്‍ഷത്തിന് ശേഷമാണ് കമലും രജിനിയും ഒരു സിനിമക്കായി ഒന്നിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് പവര്‍ഹൗസുകള്‍ ഒന്നിക്കുന്ന പ്രൊജക്ട് ആരാകും സംവിധാനം ചെയ്യുക എന്ന് പല തരത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ഏറ്റവുമൊടുവിലാണ് സുന്ദര്‍ സിയുടെ പേര് ഉറപ്പാക്കിയത്. എന്നാല്‍ അനൗണ്‍സ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ സുന്ദര്‍ സി ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

പകരം ആരായിരിക്കുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാണ്. കാര്‍ത്തിക് സുബ്ബരാജ്, നെല്‍സണ്‍ എന്നിവരുടെ പേരുകള്‍ നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ അധികം വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്ടിനെക്കുറിച്ച് ആദ്യ അപ്‌ഡേറ്റ് വന്നപ്പോള്‍ ലോകേഷാകും സംവിധായകനെന്നായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് പിന്നാലെ ലോകേഷിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടക്കുകയും പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമ ഒരുക്കുക എന്ന ഹിമാലയന്‍ ടാസ്‌ക് ആര് ഏറ്റെടുക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Kamal Haasan saying they will find better script for Thalaivar 173 after Sundar C opted out