മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലുമുണ്ടാകുന്ന സിനിമകളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സാംസ്‌കാരിക അടയാളങ്ങള്‍: കമല്‍ ഹാസന്‍
Indian Cinema
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലുമുണ്ടാകുന്ന സിനിമകളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സാംസ്‌കാരിക അടയാളങ്ങള്‍: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 7:26 am

ഒ.ടി.ടി ഭീമന്മാരായ ജിയോ ഹോട്‌സ്റ്റാര്‍ സൗത്ത് ഇന്ത്യയിലെ തങ്ങളുടെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചുള്ള ഗ്രാന്‍ഡ് ഇവന്റ് കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ നടന്ന ഇവന്റില്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ അതികായരെല്ലാവരും പങ്കെടുത്തു. ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയെന്നറിയപ്പെടുന്ന കമല്‍ ഹാസനും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ജിയോ ഹോട്‌സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ഡില്‍ കമല്‍ ഹാസന്‍ Photo: Screen grab/ THI cinemas

സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ മികച്ച സിനിമകള്‍ക്കും സിരീസുകള്‍ക്കുമായി ജിയോ ഹോട്‌സ്റ്റാര്‍ നടത്തുന്ന ഈ ഇവന്റ് ഇന്ത്യന്‍ സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തമിഴിലെ കഴിവുള്ള പുതിയ സംവിധായകരെയും എഴുത്തുകാരെയും കണ്ടെത്തുന്ന ഈ പരിപാടി സിനിമാലോകത്തിന് പുതിയ ഊര്‍ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റീജിയണല്‍ സിനിമകളാണ് ഇപ്പോള്‍ ശരിക്കും ഇന്റര്‍നാഷണലാകുന്നത്. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തും ഉണ്ടായിവരുന്ന സിനിമകളാണ് യഥാര്‍ത്ഥത്തില്‍ ദേശീയ സാംസ്‌കാരിക അടയാളങ്ങള്‍. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അത്തരം സിനിമകളെല്ലാം ലോകത്തിന്റെ വിവിധ കോണുകളിലെത്തുന്നുണ്ട്.

ദക്ഷിണ കര്‍ണാടകയുടെ വേരുകളില്‍ ആഴ്ന്നിറങ്ങി കഥ പറഞ്ഞ കാന്താര രാജ്യത്തെ മുഴുവന്‍ കോരിത്തരിപ്പിച്ചു. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ ദൃശ്യം, ഒരു സാധാരണക്കാരന്റെ അസാധാരണ പവറുകള്‍ എന്തൊക്കെയാണെന്ന് കാണിച്ച സിനിമ, അത് അനായാസമായി ഭാഷകളുടെ അതിര്‍ത്തികള്‍ താണ്ടി. മുംബൈ മുതല്‍ മലേഷ്യ വരെ പുഷ്പ, ബാഹുബലി പോലുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകള്‍ നിത്യോപയോഗ വാക്കുകളായി മാറി’ കമല്‍ ഹാസന്‍ പറഞ്ഞു.

വിക്രം എന്ന ഏജന്റിന്റെ കഥയും അമരന്‍ എന്ന പട്ടാളക്കാരന്റെയും തമിഴിനെക്കാള്‍ ആഘോഷിച്ചത് മറ്റ് ഭാഷക്കാരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സ്വീകാര്യതകളെല്ലാം തെളിയിക്കുന്നത് ബജറ്റല്ല, കലയോടുള്ള ആത്മാര്‍ത്ഥയാണ് പ്രധാനം എന്നാണെന്നും കമല്‍ ഹാസന്‍ പറയുന്നു.

Kamal Haasan files nomination for Rajya Sabha

‘ഒരു നാടിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങിയ കഥകളാണ് എല്ലാ കാലത്തും നിലനില്ക്കുക. ഈ വിജയങ്ങളെല്ലാം സിമ്പിളായി പറയുന്ന ഒരു കാര്യമുണ്ട്. കലര്‍പ്പില്ലാത്ത പ്രാദേശിക സിനിമകള്‍ നിരോധിക്കാനാകാത്ത കറന്‍സി പോലെയാണ്’ കമല്‍ ഹാസന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ നൈസായി ട്രോളിയ കമല്‍ ഹാസന് വലിയ കൈയടികളാണ് ലഭിച്ചത്.

നൂറ്റാണ്ടുകളായി കലയോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്‌കാരമാണ് തമിഴിന്റേതെന്നും പുതിയ സംവിധായകര്‍ അവരുടെ കഥ പറച്ചില്‍ ടൂളുകള്‍ക്ക് പുതിയ മാര്‍ഗം തെരഞ്ഞെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kamal Haasan mocked demonetization in Jio Hotstar event