വിജയ് അനിയനാണെന്ന് കമല്‍ ഹാസന്‍, മൈക്ക് കാണുമ്പോള്‍ എങ്ങനെ സംസാരിക്കണമെന്ന് കണ്ടുപഠിക്കാന്‍ വിജയ്‌യോട് കമല്‍ ഫാന്‍സ്
Indian Cinema
വിജയ് അനിയനാണെന്ന് കമല്‍ ഹാസന്‍, മൈക്ക് കാണുമ്പോള്‍ എങ്ങനെ സംസാരിക്കണമെന്ന് കണ്ടുപഠിക്കാന്‍ വിജയ്‌യോട് കമല്‍ ഫാന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 11:05 am

കഴിഞ്ഞദിവസം മധുരയില്‍ നടന്ന ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. പ്രസംഗത്തിനിടെ വിജയ് തന്റെ എതിര്‍ പാര്‍ട്ടികളായ ബി.ജെ.പി, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവയെയെല്ലാം കടന്നാക്രമിച്ചിരുന്നു. രാഷ്ട്രീയ എതിരാളി ഡി.എം.കെയാണെന്നും ആശയത്തിലെ എതിരാളി ബി.ജെ.പിയാണെന്നും വിജയ് ആവര്‍ത്തിച്ച് പറഞ്ഞു.

എന്നാല്‍ പ്രസംഗത്തിനിടെ തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും വിജയ് സംസാരിച്ചു. മാര്‍ക്കറ്റ് നഷ്ടമായി, റിട്ടയര്‍മെന്റ് ചെയ്ത്, ആശ്രയത്തിന് വേണ്ടി രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല താന്‍ എന്നായിരുന്നു വിജയ് പറഞ്ഞത്. പിന്നീട് കമല്‍ ഹാസനോട് മാധ്യമങ്ങള്‍ വിജയ്‌യുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. താങ്കളെക്കുറിച്ചാണ് വിജയ് പറഞ്ഞതെന്ന സൂചനയുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞത്.

എന്നാല്‍ വിജയ് ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അഡ്രസില്ലാത്ത കത്തിന് താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ അനുജനെപ്പോലെയാണ് വിജയ് എന്നും അദ്ദേഹം പറഞ്ഞു. കമല്‍ ഹാസന്റെ മറുപടിക്ക് പിന്നാലെ വിജയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍ ആരാധകര്‍.

‘മൈക്ക് കൈയില്‍ കിട്ടിയാല്‍ എന്ത് പറയണം എന്ത് പറയരുത് എന്ന കാര്യത്തില്‍ വ്യക്തത വേണം, ആരെക്കുറിച്ചും എന്തും പറയാമെന്ന ചിന്ത പാടില്ല’ എന്നാണ് പലരും വിജയ്‌യെ വിമര്‍ശിക്കുന്നത്. യാതൊരു കാര്യവുമില്ലാതെ കമല്‍ ഹാസന്റെ പേര് ഇതിലേക്ക് വലിച്ചിടുകയും അദ്ദേഹത്തോട് ചോദ്യം ചോദിക്കുകയും ചെയ്ത മാധ്യമങ്ങളെയും ആരാധകര്‍ വിമര്‍ശിച്ചു.

‘സിനിമയില്‍ മാര്‍ക്കറ്റ് കുറഞ്ഞ കമല്‍ ഹാസനാണ് തമിഴ്‌നാട്ടില്‍ ബാഹുബലിയുടെ കളക്ഷന്‍ തകര്‍ത്തത്, കരിയറിന്റെ പീക്കില്‍ നിന്ന വിജയ്ക്ക് അത് സാധിച്ചില്ലല്ലോ’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 2017ല്‍ ബാഹുബലി 2 തമിഴ്‌നാട്ടില്‍ നിന്ന് നേടിയ കളക്ഷന്‍ 2022ല്‍ കമല്‍ ഹാസന്റെ വിക്രം എന്ന ചിത്രമായിരുന്നു തകര്‍ത്തത്. താരത്തിന്റെ സ്റ്റാര്‍ഡവും ഇതോടെ വീണ്ടും ചര്‍ച്ചയായി.

ബഹുമാനം എന്നത് പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ലെന്നും അത് മറ്റുള്ളവര്‍ നമുക്ക് തരികയാണ് വേണ്ടതെന്നും വിജയ്‌യെ മെന്‍ഷന്‍ ചെയ്ത് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2017ലാണ് കമല്‍ ഹാസന്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രൂപീകരിച്ചത്. പിന്നീട് ഡി.എം.കെയുടെ സഖ്യകക്ഷിയായി കമല്‍ ഹാസന്റെ പാര്‍ട്ടി മാറി.

Content Highlight: Kamal Haasan fans criticizing Vijay for his speech in TVK Maanaadu