കമല്‍ ഹാസന് കന്നഡയുടെ ചരിത്രമറിയില്ല; വിമര്‍ശനവുമായി സിദ്ധരാമയ്യയും
national news
കമല്‍ ഹാസന് കന്നഡയുടെ ചരിത്രമറിയില്ല; വിമര്‍ശനവുമായി സിദ്ധരാമയ്യയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th May 2025, 9:37 pm

ബെംഗളൂരു: തമിഴില്‍ നിന്നാണ് കന്നഡ ഉദ്ഭവിച്ചതെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. കമല്‍ ഹാസന് കന്നഡയുടെ ചരിത്രമറിയായത്തതുകൊണ്ടാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

‘കന്നഡയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. പാവം കമല്‍ഹാസന് അതിനെക്കുറിച്ച് അറിയില്ല,’ സിദ്ധരാമയ്യ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. കന്നഡ നടന്‍ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ രണ്ട് പേരും കുടുംബമാണെന്നും കാരണം തമിഴില്‍ നിന്നാണല്ലോ കന്നട ഉദ്ഭവിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ് എന്നര്‍ത്ഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് നടന്‍ തന്റെ സംസാരം ആരംഭിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുറമെ നിരവധി കന്നഡ അനുകൂല സംഘടനകളും കമല്‍ ഹാസന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബെലഗാവി, മൈസൂരു, ഹുബ്ബള്ളി, ബെംഗളൂരു തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമലഹാസനെതിരെ ഈ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

കന്നഡ ഭാഷ സംഘടനകളിലൊന്നായ കര്‍ണാടക രക്ഷണ വേദികെ (കെ.ആ.ര്‍വി) കമല്‍ ഹാസന്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയിലുടനീളം അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

‘കര്‍ണാടകയിലെ ജനങ്ങളോട് കമല്‍ഹാസന്‍ നിരുപാധികം മാപ്പ് പറയണം. അദ്ദേഹം അത് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ സിനിമകള്‍ സംസ്ഥാനത്ത് എവിടെയും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.

അതേസമയം തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മാപ്പ് പറയില്ലെന്ന് കമല്‍ ഹാസനും അറിയിച്ചിട്ടുണ്ട്. നടന്‍ ഡി.എം.കെ പിന്തുണയോട് കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബി.ജെ.പിയും നടനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയേന്ദ്രനും കമല്‍ഹാസനെ വിമര്‍ശിച്ചിരുന്നു. കന്നഡയെക്കുറിച്ചുള്ള നടന്റെ പരാമര്‍ശങ്ങള്‍ സംസ്‌കാരശൂന്യമാണെന്നും അഹങ്കാരമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. കലാകാരന്മാര്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും തമിഴിനെ പ്രശംസിച്ചുകൊണ്ട് നടന്‍ ശിവരാജ്കുമാറിനെ നടന്‍ അപമാനിച്ചുവെന്നും വിജയേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kamal Haasan doesn’t know the history of Kannada; Siddaramaiah also criticizes Kamal Haasan over his Kannada remarks