ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്ന വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. മണിരത്‌നവും കമലും ഒന്നിക്കുന്നതിനോടൊപ്പം വന്‍ താരനിരയും അണിനിരന്നതോടെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു.
എന്നാല്‍ പഴകിത്തേഞ്ഞ തിരക്കഥയില്‍ മണിരത്നം ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 100 കോടി പോലും നേടാനാകാതെ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിമാറി. 200 കോടി ബജറ്റിലെത്തിയ തഗ് ലൈഫ് ആരാധകരെ നിരാശരാക്കിയിരുന്നു.
തിയേറ്റര്‍ റിലീസ് കഴിഞ്ഞ് എട്ട് ആഴ്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും തഗ് ലൈഫ് ഒ.ടി.ടിയില്‍ എത്തുകയെന്ന് റിലീസിന് മുമ്പ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം ഇന്ന് മുതല്‍ (വ്യാഴം) നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും തഗ് ലൈഫ് കാണാം.
130 കോടി എന്ന റെക്കോഡ് തുകക്കായിരുന്നു നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞതിലും മുമ്പ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നതുകൊണ്ട് ഈ തുക സ്ട്രീമിങ് പ്ലാറ്റ്ഫോം വെട്ടികുറച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.