ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി പലതവണ സ്വന്തമാക്കിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ കല്യാണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലോകഃയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറാനും കല്യാണിക്ക് സാധിച്ചു.

ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് കല്യാണി ഇപ്പോള്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് കല്യാണിക്ക് കൈയടി നല്‍കുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച പുരസ്‌കാരവേദിയിലെ വീഡിയോയാണ് വൈറല്‍.

ഇരുകൈകളുമില്ലെങ്കിലും കാലുകള്‍ കൊണ്ട് വണ്ടിയോടിച്ച് ലൈസന്‍സ് സ്വന്തമാക്കിയ ഇടുക്കി സ്വദേശി ജിലുമോള്‍ മരിയറ്റ് തോമസിനെ വേദിയില്‍ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ലിജുമോള്‍ക്ക് പുരസ്‌കാരം കൈമാറുകയായിരുന്നു. എന്നാല്‍ കൈകളില്ലാത്ത ജിലുമോള്‍ ഇത് എങ്ങനെ വാങ്ങുമെന്നറിയാതെ കുറച്ചുനേരം പരിഭ്രമിച്ചു നില്‍ക്കുകയായിരുന്നു.

ഈ സമയത്ത് ജിലുമോള്‍ക്ക് പകരം കല്യാണി കൈനീട്ടി പുരസ്‌കാരം വാങ്ങി. പെട്ടെന്നുള്ള കല്യാണിയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡിനെ പലരും അഭിനന്ദിക്കുകയാണ്. ആ സമയത്ത് കല്യാണി നീട്ടിയ കൈകള്‍ മനുഷ്യത്വത്തിന്റെ പ്രതീകമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനസിലെ നന്മ ഒരിക്കലും മായില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

കൈകളില്ലാതെ ജനിച്ച ജിലുമോള്‍ കാലുകള്‍ കൊണ്ട് എഴുതാന്‍ ചെറുപ്പത്തിലേ പഠിച്ചു. പ്ലസ് ടുവിന് ശേഷം അനിമേഷനില്‍ ബിരുദവും ജിലുമോള്‍ സ്വന്തമാക്കി. ആറുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ജിലു കാറോടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ കേരളശ്രീ പുരസ്‌കാരവും ജിലുവിനെ തേടിയെത്തിയിരുന്നു.

അവാര്‍ഡ് വേദിയില്‍ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത് കല്യാണി പ്രിയദര്‍ശനെയായിരുന്നു. സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയതിലാണ് കല്യാണി അവാര്‍ഡിന് അര്‍ഹയായത്. അവാര്‍ഡ് വാങ്ങിയതിനൊപ്പം മറ്റൊരാളുടെ പുരസ്‌കാര നേട്ടത്തില്‍ സഹായിയായതും കല്യാണിക്ക് കൈയടികള്‍ സമ്മാനിച്ചു.

Content Highlight: Kalyani Priyadashan getting appreciation in an Award ceremony