അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് നടി കല്യാണി പ്രിയദര്‍ശന്‍. ബാല്യത്തില്‍ താന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും അവരിലൊരാളാണ് ശ്രീനിവാസനെന്നും കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണെന്നും കല്യാണി പറഞ്ഞു.
‘ എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെ പോലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്. അവരില്‍ ഒരാള്‍ തീര്‍ച്ചയായും ശ്രീനിവാസനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
ആ സിനിമകളെല്ലാം തന്നെ എന്റെ ചുറ്റിലുമെപ്പോഴും ഉണ്ടായിരുന്നു. സിനിമ തെരഞ്ഞടുക്കാനുള്ള കാരണം അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഞാന്‍ ഈ വഴി തെരഞ്ഞെടുത്തതിന്റെ കാരണം മനസിലായി. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എന്റെ കുടുംബത്തിനും മലയാള സിനിമക്കും തീരാനഷ്ടം. ഇതിഹാസത്തിന് ആദാരാഞ്ജലികള്‍,’ കല്യാണിയുടെ വാക്കുകള്‍
സിനിമാ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖര്‍ ശ്രീനിവാസന്റെ വിയോഗ വാര്‍ത്തയില്‍ അനുശോചനവുമായി രംഗത്തെത്തിയിരുന്നു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസായിരുന്നു അദ്ദേഹത്തിന്.
48 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനിന്ന അദ്ദേഹം നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ സിനിമയില്‍ നിന്നെല്ലാം രണ്ട് വര്‍ഷത്തോളമായി വലിയ ഇടവേളയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനാല്‍ ഇന്ന് പുലര്‍ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും. രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight: Kalyani Priyadarshan remembers the late actor and screenwriter Sreenivasan